പാകിസ്താനിൽ രാഷ്ട്രീയ റാലിയിലടക്കം മൂന്നിടത്ത് സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, ചാവേറാക്രമണമെന്ന് സംശയം
ബന്നു നഗരത്തിലെ അർധസൈനിക ആസ്ഥാനത്ത് നടന്ന സ്ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്‍ലാമാബാദ് :പാകിസ്താനിൽ മൂന്നിടങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 25 പേർ കൊല്ലപ്പെട്ടു.ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ബലൂചിസ്താൻ നാഷണൽ പാർട്ടിയുടെ (ബിഎൻപി) രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേർ കൊല്ലപ്പെട്ടു. 35 ലധികം പേര്‍ക്ക് പരിക്കേറ്റു.ബലൂചിസ്ഥാനിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു നഗരത്തിലെ അർധസൈനിക ആസ്ഥാനത്ത് നടന്ന സ്ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന.
ക്വറ്റയില്‍ നൂറുകണക്കിന് അംഗങ്ങൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർദാർ അത്തൗല്ല മെംഗലിന്റെ നാലാം ചരമവാർഷികാഘോഷ പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാഹ്‌വാനി സ്റ്റേഡിയത്തിന് സമീപം സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിഎൻപി നേതാവ് അക്തർ മെംഗലിനെയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണത്തിൽ മെംഗലിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേന ഉടൻ തന്നെ പ്രദേശം വളഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്. അക്തർ മെങ്കലിന്റെ വാഹനം കടന്നുപോയ നിമിഷങ്ങൾക്കകം നടന്ന സ്ഫോടനമുണ്ടായെന്നും 13 പാർട്ടി അംഗങ്ങൾ കൊല്ലപ്പെട്ടെന്നും ബിഎൻപി വക്താവ് സാജിദ് തരീൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ ക്വറ്റയില്‍ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ക്വറ്റയിലെ ചാവേർ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ബലൂചിസ്താനിൽ മറ്റൊരു സ്ഫോടനം നടന്നത്. ബലൂചിസ്താൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബന്നുവില്‍ ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ക്യാമ്പിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയാണ് സ്ഫോടനം നടന്നതെന്ന് സൈന്യം റിപ്പോർട്ട് ചെയ്തു. ബന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത്തിഹാദ്-ഉൽ-മുജാഹിദീൻ പാകിസ്താൻ പിന്നീട് ഏറ്റെടുത്തു.
Adjust Story Font
16

