യുഎസിലെ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് തകർന്നുവീണു; 7 മരണം
മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം

- Published:
27 Jan 2026 7:21 AM IST

വാഷിങ്ടൺ: യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം.
ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45ഓടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ബോസ്റ്റണിൽ നിന്ന് ഏകദേശം 200 മൈൽ വടക്കാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം . സംഭവസമയത്ത് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നതായാണ് വിവരം. അതേസമയം യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടർന്ന് 5,303 വിമാന സർവീസുകൾ റദ്ദാക്കി. 4,380 വിമാന സർവീസുകളാണ് വൈകുന്നത്. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു.
Adjust Story Font
16
