ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ
ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം

തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം.
ഇറാൻ ജനത ജീവിതത്തിൽ വല്ല ബുദ്ധിമുട്ടുകളും പരിമിതികളും നേരിടുന്നുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയത് പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപിച്ച മനുഷ്യത്വരഹിതമായ ഉപരോധങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖാംനഈയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെ ഇറാന്റെ ഉന്നതതല നേതാക്കൾക്കെതിരെ യുഎസ് ട്രഷറി വകുപ്പ് കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പ്രക്ഷോഭത്തിൽ അണിചേർന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ഇറാൻ സർക്കാർ ശ്രമം തുടരുകയാണ്. കുറ്റസമ്മതം നടത്തി രംഗത്തു വരാൻ തയാറാകുന്ന പ്രക്ഷോഭകാരികൾക്ക് നേരിയ ശിക്ഷ മാത്രമാകും നൽകുകയെന്ന് നാഷനൽ പൊലിസ് മേധാവി പറഞു. അതേസമയം, ഇറാനിൽ നിന്നുള്ള ഏതൊരു ആക്രമണവും തന്‍റെ രാജ്യം ശക്തമായി നേരിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാനിൽ വൈകാതെ എന്തും സംഭവിക്കാമെന്നും നെതന്യാഹു പ്രതികരിച്ചു.
Adjust Story Font
16

