ഫലസ്തീൻ തടവുകാരൻ മുഹമ്മദ് ഹുസൈൻ അൽ ആരിഫ് കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
2024 നവംബർ 28ന് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത ആരിഫ് ഡിസംബർ നാലിനാണ് മരിച്ചത്.

റാമല്ല: ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത ഫലസ്തീൻ തടവുകാരൻ മുഹമ്മദ് ഹുസൈൻ അൽ ആരിഫ് കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജലാമ തടങ്കൽ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിനിടെ ആരിഫ് കടുത്ത പീഡനങ്ങൾക്കാണ് ഇരയായതെന്ന് ഫലസ്തീൻ തടവുകാർക്കായുള്ള കമ്മീഷൻ വെളിപ്പെടുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
2024 നവംബർ 28നാണ് ആരിഫ് അറസ്റ്റിലായത്. ഒരാഴ്ചക്കകം ഡിസംബർ നാലിന് അദ്ദേഹം മരിച്ചു. മർദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. തലയുടെ ഇടതുഭാഗത്തും കൈകളിലും കാലുകളിലും നെഞ്ചിലും വയറിലും രക്തം കട്ടപിടിച്ചിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുൽകറമിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിൽനിന്നുള്ള ആരിഫിനെ ജലാമ തടങ്കൽ കേന്ദ്രത്തിൽനിന്ന് ആശുപത്രിയിലേക്ക് എത്തിച്ചതിന് പിന്നാലെ അദ്ദേഹം മരിക്കുകയായിരുന്നു. ഗസ്സ വംശഹത്യ തുടങ്ങിയതിന് ശേഷം 56 ഫലസ്തീൻ തടവുകാരാണ് ഇസ്രായേൽ ജയിലുകളിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ജയിലുകളിലും സൈനിക തടങ്കൽ കേന്ദ്രങ്ങളിലും നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഇസ്രായേൽ തയ്യാറായിട്ടില്ല.
ദശാബ്ദങ്ങളായി ഇസ്രായേൽ ജയിലുകളിലും തടങ്കൽ പാളയങ്ങളിലും കഴിയുന്ന ഫലസ്തീൻ തടവുകാർക്കുമെതിരെ ഇസ്രായേൽ നടത്തിയ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മുഹമ്മദ് അൽ-ആരിഫിന്റെ കൊലപാതകമെന്ന് ഫലസ്തീൻ തടവുകാർക്കായുള്ള കമ്മീഷൻ പറഞ്ഞു. വംശഹത്യക്ക് ശേഷം, ദശലക്ഷക്കണക്കിന് തടവുകാർ പീഡനത്തിലൂടെയും, വൈദ്യസഹായം ലഭിക്കാത്തതിലൂടെയും, മനപ്പൂർവ്വം പട്ടിണിക്കിട്ടും, കഠിനമായ മർദനങ്ങളിലൂടെയും കൊല്ലപ്പെട്ടു. അക്രമാസക്തമായ അറസ്റ്റ്, ഭീഷണിപ്പെടുത്തൽ, ക്രൂരമായ മർദനങ്ങൾ, അപമാനകരമായ സാഹചര്യങ്ങളിൽ തടങ്കലിൽ വെക്കൽ, തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും നേരെയുള്ള അധിക്ഷേപം, ദീർഘനാളത്തെ ചോദ്യം ചെയ്യൽ, ഉറങ്ങാൻ അനുവദിക്കാതിരിക്കൽ, പട്ടിണിക്കിടൽ, ലൈംഗികാതിക്രമം തുടങ്ങിയ പീഡനമുറകളും ഇസ്രായേൽ ഫലസ്തീൻ തടവുകാർക്കെതിരെ പ്രയോഗിക്കുന്നുണ്ട്.
Adjust Story Font
16

