Quantcast

ലഹരിക്കടത്ത് പ്രതിയുടെ അര്‍ജന്റീന ജേഴ്സി മാറ്റി ബ്രസീലാക്കി! എഐ ഉപയോഗിച്ച് ചിത്രം തിരുത്തിയ പൊലീസുകാരന് 'പണി കിട്ടി'

സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെച്ചതോടെയാണ് ഉദ്യോഗസ്ഥനെതിരെ അധികൃതർ നടപടിയെടുത്തത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-07-01 17:29:37

Published:

1 July 2026 10:40 PM IST

ലഹരിക്കടത്ത് പ്രതിയുടെ അര്‍ജന്റീന ജേഴ്സി മാറ്റി ബ്രസീലാക്കി! എഐ ഉപയോഗിച്ച് ചിത്രം തിരുത്തിയ പൊലീസുകാരന് പണി കിട്ടി
X

ധാക്ക: അറസ്റ്റിലായ ലഹരിക്കടത്ത് പ്രതിയുടെ ചിത്രം എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ പൊലീസുകാരനെതിരെ നടപടി. പ്രതി ധരിച്ചിരുന്ന അർജന്റീനയുടെ ഫുട്ബോൾ ജേഴ്സി മാറ്റി ബ്രസീലിന്റെ ജേഴ്സി ആക്കിയതാണ് ബംഗ്ലാദേശ് പൊലീസിലെ ഒരു സബ് ഇൻസ്പെക്ടർക്ക് വിനയായത്.

സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെച്ചതോടെയാണ് ഉദ്യോഗസ്ഥനെതിരെ അധികൃതർ നടപടിയെടുത്തത്. ബംഗ്ലാദേശിലെ ബാരിഷാലിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റസൽ ഹാവ്‌ലാദർ എന്ന 35കാരനായ ലഹരിമരുന്ന് വ്യാപാരിയെ മുഹമ്മദ്പൂർ കോളനിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അറസ്റ്റിന് പിന്നാലെ ബാരിഷാൽ മെട്രോപൊളിറ്റൻ പൊലീസിലെ (ബിഎംപി) സബ് ഇൻസ്പെക്ടറായ തൻസിൽ അഹമ്മദ് എഐ ടൂളുകൾ ഉപയോഗിച്ച് പ്രതിയുടെ ചിത്രം എഡിറ്റ് ചെയ്യുകയായിരുന്നു. പ്രതി യഥാർത്ഥത്തിൽ ധരിച്ചിരുന്ന അർജന്റീന ജേഴ്സിക്ക് പകരം ബ്രസീൽ ജേഴ്സി വെച്ചുപിടിപ്പിച്ചു. തുടർന്ന് ഈ എഡിറ്റ് ചെയ്ത ചിത്രം മാധ്യമപ്രവർത്തകർക്കുള്ള ഇ-മെയിലിലും ബിഎംപിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലും പങ്കുവെക്കുകയും ചെയ്തു.

ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലെ ഫുട്ബോൾ ആരാധകർ ഉണർന്നു. ചിത്രം ഡിജിറ്റലായി കൃത്രിമം കാണിച്ചതാണെന്ന് അവർ വേഗത്തിൽ കണ്ടെത്തുകയും പൊലീസിനെതിരെ രംഗത്തുവരികയും ചെയ്തു. വിമർശനം കടുത്തതോടെ ബാരിഷാൽ മെട്രോപൊളിറ്റൻ പൊലീസ് തിരുത്തിയ ചിത്രം പിൻവലിക്കാൻ നിർബന്ധിതരായി. തുടർന്ന് പ്രതിയുടെ യഥാർത്ഥവും കൃത്യവുമായ വിവരങ്ങൾ അടങ്ങിയ ഒറിജിനൽ ചിത്രം പൊലീസ് വീണ്ടും പങ്കുവെച്ചു.

ബിഎംപിയുടെ മീഡിയ വാട്സാപ്പ് ഗ്രൂപ്പിന്റെ ചുമതലയിൽ നിന്നും പൊലീസുകാരനെ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് ശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുകയെന്നും ബിഎംപി കമ്മീഷണർ മുഹമ്മദ് ആഷിക് സഈദ്‌ വ്യക്തമാക്കി. ബ്രസീൽ-അർജന്റീന ഫുട്ബോൾ ആവേശം നിലനിൽക്കുന്ന സമയമായതിനാൽ, ജേഴ്സി മാറ്റിയാൽ വാർത്തയ്ക്ക് കൂടുതൽ ജനശ്രദ്ധ കിട്ടുമെന്ന ചിന്തയിലാണ് താൻ ഇങ്ങനെ ചെയ്തതെന്ന് കുറ്റസമ്മതം നടത്തിയ പൊലീസുകാരൻ അധികൃതരോട് പറഞ്ഞു.

TAGS :

Next Story