Quantcast

കൊല്ലപ്പെട്ട ദിപു ചന്ദ്രദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബം​ഗ്ലാദേശ് സർ‌ക്കാർ; കൊലയ്ക്ക് പിന്നിൽ ജോലിത്തർക്കമെന്ന് കുടുംബം

അക്രമത്തെ ന്യായീകരിക്കില്ലെന്നും നിയമം കൈയിലെടുക്കാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്നും മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2025-12-24 15:27:47.0

Published:

24 Dec 2025 8:55 PM IST

Bangladesh government takes over responsibility of family of lynched Hindu worker Dipu Das
X

കൊൽക്കത്ത: ബംഗ്ലാദേശിലെ മൈമെൻസിങ്ങിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇടക്കാല സർക്കാർ. ദിപുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഇടക്കാല സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആർ അബ്റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളിയുടെ കൊലപാതകത്തെ ന്യായീകരിക്കാനാവാത്ത ക്രൂര കുറ്റകൃത്യം ആണെന്നും അദ്ദേഹം പറഞ്ഞു.

'ദിപു ദാസിന്റെ കുട്ടിയെയും ഭാര്യയെയും മാതാപിതാക്കളേയും പരിപാലിക്കേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തെ കാണുന്നതിന് മുമ്പ് താൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി ചർച്ച നടത്തിയിരുന്നു. മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു'- അദ്ദേഹം വിശദമാക്കി. ദാസിന്റെ കുടുംബത്തിന് സാമ്പത്തികവും ക്ഷേമപരവുമായ സഹായം നൽകുമെന്നും ബന്ധപ്പെട്ട അധികാരികൾ അവരുമായി അടുത്ത ബന്ധം പുലർത്തുമെന്നും മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു.

അക്രമത്തെ ന്യായീകരിക്കില്ലെന്നും നിയമം കൈയിലെടുക്കാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്നും മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വ്യക്തമാക്കി. ദിപു ചന്ദ്രദാസിന്റെ കൊലപാതകത്തിൽ 12 പേരെ ബം​ഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ​ദിപുവിന്റെ സഹോദരൻ അപു ചന്ദ്ര ദാസ് ഡിസംബർ 19ന് ഭാലുക പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യൽമീഡിയ പോസ്റ്റിന്റെ പേരിലാണ് ദിപുവിനെതിരായ ആക്രമണമെന്നാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ, ദൈവനിന്ദാ പരാമർശത്തിന്റെ പേരിലല്ല, മറിച്ച് ജോലിസ്ഥലത്തെ ശത്രുത മൂലമാണ് ദിപു ചന്ദ്ര ദാസിനെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഡിസംബർ 18നാണ് ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടത്.

ഒരു വസ്ത്ര ഫാക്ടറിയായ പയനിയർ നിറ്റ്‌വെയേഴ്‌സ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു ദിപു. ഫ്ലോർ മാനേജരിൽ നിന്ന് സൂപ്പർവൈസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷ അദ്ദേഹം അടുത്തിടെ എഴുതിയിരുന്നു. തന്റെ സ്ഥാനത്തെച്ചൊല്ലി സഹപ്രവർത്തകരുമായി ദിപു തർക്കത്തിലേർപ്പെട്ടിരുന്നതായും ആക്രമണം നടന്ന ദിവസം ഫാക്ടറിക്കുള്ളിൽ സംഘർഷം രൂക്ഷമായതായും സഹോദരൻ അപു ചന്ദ്ര ദാസ് ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ്, ജോലി ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി. താമസിയാതെ, മതത്തെ അപമാനിച്ചെന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയർത്തിക്കൊണ്ടുവരികയായിരുന്നെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയടക്കം പശ്ചിമബംഗാളിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയും ബിജെപി- ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. കൊൽക്കത്തയെയും ദക്ഷിണ ബംഗാൾ ജില്ലകളെയും ബന്ധിപ്പിക്കുന്ന ഹൗറ പാലത്തിൽ എത്തുന്നതിന് മുമ്പ് ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി.

പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. പ്രതിഷേധത്തിന്റെ പേരിൽ സാധാരണ ജീവിതത്തെ തടസപ്പെടുത്താനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും ആരെയും അനുവദിക്കില്ലെന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും ഹൗറ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡാർജിലിങ് ജില്ലയിലെ സിലിഗുരിയിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ പെട്രാപോൾ/ ഘോസദംഗ അതിർത്തിയിലും ബം​ഗ്ലാദേശിലേക്കുള്ള ട്രക്കുകൾ ഹിന്ദുത്വ സംഘടനകൾ തടഞ്ഞു. ഹിന്ദുത്വ സംഘടനയായ 'സനാതനി ജാതിയോതബാദി മഞ്ച' പ്രവർത്തകരാണ് ഘോസദംഗ അതിർത്തിയിൽ റോഡ് ഉപരോധിക്കുകയും സാധനങ്ങൾ കയറ്റിയ ട്രക്കുകൾ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തത്.

TAGS :

Next Story