ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക്; ഭരണം പിടിക്കുക ജമാഅത്ത് സഖ്യമോ ബംഗ്ലാദേശ് നാഷണൽ പാർട്ടിയോ?
2026 ഫെബ്രുവരി 12ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും നടക്കും

- Published:
5 Feb 2026 4:29 PM IST

ധാക്ക: ഒരു ദശാബ്ദത്തിലേറെയായുള്ള ഷെയ്ഖ് ഹസീന ഭരണകൂടത്തിനും ഒന്നര വർഷത്തെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണത്തിനുമൊടുവിൽ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. 2026 ഫെബ്രുവരി 12ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും നടക്കും. ബംഗ്ലാദേശിന്റെ ജുഡീഷ്യറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാപ്റ്റർ.
പ്രധാനമന്ത്രിയുടെ കാലാവധി 10 വർഷത്തേക്ക് പരിമിതപ്പെടുത്തുക, 100 അംഗ ഉപരിസഭയുള്ള ഒരു ദ്വിസഭ പാർലമെന്റ് സ്ഥാപിക്കുക, നിഷ്പക്ഷമായ കെയർടേക്കർ സർക്കാർ സംവിധാനം പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷനെ ശാക്തീകരിക്കുക, 2024ലെ പ്രക്ഷോഭത്തിലെ പോരാളികൾക്ക് നിയമപരമായി അംഗീകാരം നൽകുക ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് പ്രധാനമായും ജൂലൈ നാഷണൽ ചാർട്ടർ മുന്നോട്ട് വെക്കുന്നത്. ഇടക്കാല ഭരണ ചുമതലയുള്ള മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലാണ് ജൂലൈ നാഷണൽ ചാപ്റ്റർ എന്ന ആശയം രൂപീകരിച്ചത്. ബംഗ്ലാദേശ് പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റിൽ പ്രതിഷേധക്കാരുടെ നിർദേശപ്രകാരമാണ് പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തി യൂനുസ് 'മുഖ്യ ഉപദേഷ്ടാവായി' ചുമതല ഏറ്റെടുത്തത്. ഗ്രാമീൺ ബാങ്കിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചതിന് 'പാവപ്പെട്ടവരുടെ ബാങ്കർ' എന്നാണ് യൂനുസ് അറിയപ്പെടുന്നത്.
പ്രവാസികൾ ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം ആളുകളാണ് ബംഗ്ലാദേശിൽ വോട്ട് രേഖപ്പെടുത്തുക. അട്ടിമറിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ളതിനാൽ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ സഖ്യവും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും തമ്മിലാകും മത്സരം. ബംഗ്ലാദേശ് പ്രക്ഷോഭ കാലത്ത് വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ബംഗ്ലാദേശ് ലേബർ പാർട്ടി എന്നിവരാണ് ജമാഅത്ത് സഖ്യത്തിലെ പ്രമുഖ കക്ഷികൾ.
തെരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിൽ വന്നാൽ 7% ജിഡിപി വളർച്ചയും ബംഗ്ലാദേശിനെ 2 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്നും ജമാഅത്തെ ഇസ്‌ലാമി സഖ്യം വാഗ്ദാനം ചെയ്യുന്നു. പൊതു വരുമാനം വർധിപ്പിച്ച്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ഭവന നിർമാണം, തൊഴിൽ സൃഷ്ടി, സാമൂഹിക സംരക്ഷണം, പുനരുപയോഗ ഊർജ്ജം, ഗതാഗത, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്കായി നീക്കിവയ്ക്കുമെന്നും ജമാത്തെ ഇസ്‌ലാമി അമീർ പറഞ്ഞു.
ഓരോ വീട്ടിലും ഒരു സ്ത്രീയുടെ പേരിൽ 'ഫാമിലി കാർഡ്' നൽകുമെന്നാണ് ബിഎൻപിയുടെ പ്രധാന വാഗ്ദാനം. തുടക്കത്തിൽ 4 ദശലക്ഷം കുടുംബങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രതിമാസം 2,000 മുതൽ 2,500 വരെ ബംഗ്ലാദേശി ടാക്ക (ഏകദേശം 1500 ഇന്ത്യൻ രൂപ ) പണമായും പ്രത്യേക സ്റ്റോറുകളിൽ നിന്ന് അരി, പയർവർഗങ്ങൾ, എണ്ണ, ഉപ്പ് തുടങ്ങിയ ആവശ്യവസ്തുക്കളും ഇതിലൂടെ ലഭിക്കും. എന്നാൽ ഇത് പ്രാവർത്തികമാക്കുന്നതിന് ബംഗ്ലാദേശിന്റെ സാമൂഹിക മേഖല സംരക്ഷണത്തിനായുള്ള നിലവിലെ വിഹിതം ഫലത്തിൽ ഇരട്ടിയാക്കേണ്ടതുണ്ട്. ഇതിനു പുറമെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുൻ മന്ത്രിയും ബിഎൻപി നേതാവുമായ അമീർ ഖസ്രു മഹ്മൂദ് ചൗധരി പറഞ്ഞു.
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, രണ്ട് ക്യാമ്പുകളിലെയും മുതിർന്ന നേതാക്കൾ രാജ്യമെമ്പാടും സഞ്ചരിച്ച് അവരവരുടെ വാഗ്ദാനങ്ങൾ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. എങ്കിലും ഇരു മുന്നണികളും ഉത്തരം നൽകേണ്ടുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഇതിനകം തകർച്ചയിലുള്ള രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വെച്ച് എങ്ങനെ ധനസഹായം ക്രമീകരിക്കും, ഈ പദ്ധതികൾ നടപ്പിലാക്കാൻ എത്ര സമയമെടുക്കും, ഏത് പ്രക്രിയയിലൂടെയാണ് ഇത് നടപ്പിലാക്കുക, ഈ നയങ്ങൾ നടപ്പിലാക്കുന്നതിന് സ്ഥാപനപരമായ ശേഷി എങ്ങനെ ശക്തിപ്പെടുത്തും എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.
ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെ എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരവും സഹകരണപരവുമായ ബന്ധം നിലനിർത്താൻ ശ്രമിക്കുമെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദേശ നയം. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി പരസ്പര പ്രയോജനകരവുമായ ബന്ധങ്ങൾ വളർത്തിയെടുക്കും. അതേസമയം, താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ദേശീയ താൽപ്പര്യം, സാമ്പത്തിക നയതന്ത്രം, മുൻ ഭരണകൂടത്തിന്റെ ഇന്ത്യാ കേന്ദ്രീകൃത വിദേശനയത്തിൽ നിന്നുള്ള വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദേശ, പ്രതിരോധ നയങ്ങളിൽ 'ബംഗ്ലാദേശ് ആദ്യം' എന്ന സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16
