'അധികാരം ഉപയോഗിച്ച് ആക്രമണം, വെടിവെപ്പിനെക്കുറിച്ച് അറിയാമായിരുന്നു': ശൈഖ് ഹസീനക്കെതിരായ വിധിയിൽ ട്രൈബ്യൂണൽ പറഞ്ഞത്...
പ്രക്ഷോഭകാരികൾക്ക് മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടു. വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി

ധാക്ക: 2024ലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നല്‍കിയ കുറ്റത്തിനാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലാണ്(ഐസിടി) നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ചൗധരി അബ്ദുള്ള അൽ-മാമുന് അഞ്ച് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. കുറ്റം സമ്മതിക്കുകയും മുൻ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ ട്രൈബ്യൂണലിൽ പൊതു സാക്ഷിയായി എത്തിയതിനെ തുടര്‍ന്നുമാണ് ചൗധരി അബ്ദുള്ളയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.
ചരിത്രപ്രധാനമായ കേസിൽ മാസങ്ങൾ നീണ്ട വാദം കേൾക്കലുകൾക്ക് ശേഷമാണ് ജസ്റ്റിസ് ഗോലം മോർട്ടുസ മസൂംദാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിടി-1 പാനൽ ഉച്ചയ്ക്ക് 12:40 ഓടെ വിധി വായിക്കാന്‍ തുടങ്ങിയത്. 2024ൽ വിദ്യാർത്ഥികൾ നയിച്ച പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങൾ, പീഡനങ്ങൾ, മാരകമായ ബലപ്രയോഗം എന്നിവയിൽ മൂവര്‍ക്കും ഉത്തരവാദിത്തമുള്ളതായി ട്രൈബ്യൂണൽ കണ്ടെത്തി. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്.
2024 ജൂലൈയിലെ ഒരു പത്രസമ്മേളനത്തിൽ ശൈഖ് ഹസീന അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് 453 പേജുള്ള വിധിന്യായത്തിൽ ട്രൈബ്യൂണൽ കണ്ടെത്തി. ശൈഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി.
പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ശൈഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്, ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയും കമലും ഇപ്പോഴും ഒളിവിലാണ്.
Adjust Story Font
16

