'ഗസ്സ: ഹൗ ടു സർവൈവ് എ വാർസോൺ'; പ്രൊപ്പഗണ്ടയെന്ന് വിമർശനം, ഡോക്യുമെന്ററി പിൻവലിച്ച് ബിബിസി
ഡോക്യൂമെന്ററിയിൽ കഥ പറയുന്ന കുട്ടി ഹമാസ് ഉദ്യോഗസ്ഥന്റെ മകൻ ആയതാണ് വിമർശനങ്ങൾക്ക് വഴി വെച്ചത്

ലണ്ടൻ: ഗസ്സയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയായ “ഗസ്സ: ഹൗ ടു സർവൈവ് എ വാർസോൺ” സ്ട്രീമിങ് സേവനങ്ങളിൽ നിന്ന് പിൻവലിച്ച് ബിബിസി. ഡോക്യൂമെന്ററിയെ മുന്നോട്ട് നയിക്കുന്ന കുട്ടി ഉയർന്ന ഹമാസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. ബിബിസി പ്രൊപഗണ്ട പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനങ്ങൾ ഉയർത്തിയതോടെയാണ് ബിബിസി ഡോക്യുമെന്ററി പിൻവലിച്ചത്.
ഡോക്യൂമെന്ററിയിലെ കഥ പറയുന്ന കുട്ടി ഗസ്സയിലെ ഹമാസ് സർക്കാരിലെ ഡെപ്യൂട്ടി കൃഷി മന്ത്രിയുടെ മകനാണ്. ഇതിനെതിരെ യുകെയിലെ ഇസ്രായേൽ അംബാസഡറും വിവിധ ജൂത മാധ്യമ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ബിബിസിയുടെ പിന്മാറ്റം. 'തീവ്രവാദി നേതാവായ മുതിർന്ന ഹമാസ് അംഗത്തിന്റെ' മകനെ പ്രൊപഗണ്ടയുടെ ഭാഗമായി ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചുവെന്നാണ് ഉയർന്ന ആരോപണം.
തിങ്കളാഴ്ച ബിബിസി ടുവിൽ സംപ്രേഷണം ചെയ്ത ഡോക്യൂമെന്ററി, 13 വയസ്സുകാരനായ അബ്ദുള്ള അൽ-യസൂരി ഗസ്സയിലെ ജീവിതം വിവരിക്കുന്നതാണ്. യസൂരിയുടെ പിതാവ് അയ്മാൻ അൽയാസൂരി വിദ്യാഭ്യാസകാലഘട്ടം മുഴുവൻ പൂർത്തിയാക്കിയത് യുകെയിലാണ്. പിന്നീട് യുഎഇയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സ മുനമ്പിലെ രാഷ്ട്രീയ അല്ലെങ്കിൽ സൈനിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യം ആയിരുന്നില്ലെന്ന് പശ്ചിമേഷ്യൻ മാധ്യമമായ മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബിബിസി ഡോക്യുമെന്ററി പിൻവലിച്ചതിനെതിരെയും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ഗസ്സയിലെ വൻതോതിലുള്ള പട്ടിണി, ബോംബാക്രമണങ്ങൾ, രോഗങ്ങൾ തുടങ്ങിയവയിൽ ദുരിതമനുഭവിക്കുന്ന ജനതയോട് യാതൊരു സഹതാപവും കാണിക്കാതെ ഫലസ്തീൻ വിരുദ്ധ പ്രവർത്തകരുടെ സമ്മർദ്ദത്തെത്തുടർന്ന് ഡോക്യുമെന്ററി പിൻവലിച്ചത് ഖേദകരമാണെന്ന കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് (CAABU) ഡയറക്ടർ ക്രിസ് ഡോയൽ വിമർശിച്ചു. ഗസ്സയിലെ ജീവിതത്തെക്കുറിച്ച് നേരിട്ടുള്ള വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമങ്ങൾക്കെതിരെ ഉറച്ച് നിൽക്കണമെന്ന് ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് ഫോർ ഫലസ്തീൻ ആവശ്യപ്പെട്ടു. നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
Adjust Story Font
16

