ഇറാന്റെ ഭീഷണി: യുഎസ് ട്രഷറി സെക്രട്ടറി സൈനിക താവളത്തിലേക്ക് താമസം മാറ്റി
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് സ്‌കോട്ട് ബെസൻ്റ്

- Published:
11 Nov 2026 7:34 AM IST

വാഷിങ്ടണ്‍ ഡിസി: ഇറാനില്‍നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വാഷിങ്ടണിലെ വസതി വിട്ട് സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഭീഷണികള്‍ ഇറാനെതിരായ സാമ്പത്തിക ഉപരോധ നടപടികളില്‍നിന്ന് ട്രഷറി സെക്രട്ടറിയെ പിന്തിരിപ്പിക്കില്ലെന്ന് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.
വാഷിങ്ടണിലെ വസതിയില്‍ നിന്ന് ബെസന്റിനെ സുരക്ഷാ കാരണങ്ങളാലാണ് സൈനിക താവളത്തിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഭീഷണികളുടെ സ്വഭാവവും ഗൗരവവും വ്യക്തമായിട്ടില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ശക്തമാണെന്നും ചില പദ്ധതികള്‍ മുന്നേറിയ ഘട്ടത്തിലെത്തിയതായും ട്രംപ് ഭരണകൂടത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, യുഎസില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താനുള്ള ഇറാന്റെ ശേഷി പരിമിതമാണെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അമേരിക്കന്‍ മണ്ണില്‍ ഉദ്യോഗസ്ഥരെയോ പൗരന്മാരെയോ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണങ്ങള്‍ ഇറാന്‍ നേരത്തേ നിഷേധിച്ചിട്ടുണ്ട്.
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന വ്യക്തികളിലൊരാളാണ് സ്‌കോട്ട് ബെസന്റ്. വധഭീഷണി റിപ്പോര്‍ട്ടുകളില്‍ യുഎസ് ട്രഷറി വകുപ്പ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Adjust Story Font
16
