'തിരിച്ചടിക്കുന്നത് ഇറാന് ഗുണം ചെയ്യില്ല, ഇതുവരെ കാണാത്ത കടുത്ത ആക്രമണങ്ങൾ നേരിടേണ്ടിവരും': ഭീഷണിയുമായി ട്രംപ്
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം

- Updated:
2026-03-01 07:44:42.0

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. സംയുക്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന്‍ ആസൂത്രിത നീക്കങ്ങളുമായി മുന്നോട്ടുവന്നാല്‍ ഇതുവരെ കാണാത്ത കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
'കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അവര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാം. നിലവില്‍ ഒന്നിനും ഇറങ്ങിത്തിരിക്കാതിരിക്കുന്നതാണ് നല്ലത്. അവരെന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടിവരും'. ട്രംപ് ഭീഷണിപ്പെടുത്തി.
രാത്രിയിലുണ്ടായ സംയുക്ത ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നിന്നുള്ള ഭീഷണികളെ ചെറുക്കാന്‍ സൈനികനടപടി അനിവാര്യമായിരുന്നെന്നും അമേരിക്കയിലെ സാധാരണക്കാരെ രക്ഷിക്കുന്നതിനായാണ് നീക്കമെന്നും ട്രംപ് ന്യായീകരിച്ചു.
യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്നലെ രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി.
ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വം വരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും വിശ്വാസ്യതയുടെയും ആത്മാര്‍ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റേയും അടയാളമാണ് രക്തസാക്ഷിത്വമെന്നും ഐആര്‍ജിസി വ്യക്തമാക്കി.
Adjust Story Font
16
