'എനിക്ക് ഖേദമുണ്ട്, ഞാൻ ക്ഷമ ചോദിക്കുന്നു'; ജെഫ്രി എപ്സ്റ്റീനോടൊപ്പം ചെലവഴിച്ചതിന് ബിൽ ഗേറ്റ്സ്
ബിൽ ഗേറ്റ്സിന് റഷ്യൻ മോഡലുകളിൽ നിന്ന് ലൈംഗിക രോഗങ്ങൾ ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിൻഡയ്ക്ക് അവർ അറിയാതെ ആന്റി ബയോട്ടിക്കുകൾ നൽകിയിരുന്നുവെന്നുമാണ് എപ്‌സ്റ്റീൻ ഫയൽസിൽ ആരോപിക്കുന്നത്

- Published:
5 Feb 2026 12:16 PM IST

ന്യൂയോർക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും ക്രിമിനൽ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന എപ്‌സ്റ്റീൻ ഫയൽസ് ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയാണ്. ലോക നേതാക്കളും വ്യവസായ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്ട് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 'എന്റെ ദാമ്പത്യത്തിലെ വേദനാജനകമായ സമയങ്ങളുടെ ഓർമകൾ കൊണ്ടുവരുന്നു' എന്നാണ് ബിൽ ഗേറ്റ്സിന്റെ മുൻ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് ഇതിനോട് പ്രതികരിച്ചത്. 2021ൽ ഇരുവരും വിവാഹം മോചിതരായിരുന്നു.
എപ്‌സ്റ്റീൻ ഫയൽസിലെ ആരോപണങ്ങൾ നിഷേധിച്ച് ബിൽ ഗേറ്റ്സ് രംഗത്ത് വന്നിരുന്നു. ഗേറ്റ്സിനെ കുടുക്കാനും നാണം കെടുത്താനും എപ്‌സ്റ്റീൻ ശ്രമിച്ചതിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് ഗേറ്റ്സിൻ്റെ വക്താവും പറഞ്ഞു. ഗേറ്റ്‌സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്‌സ്റ്റീന്റെ നിരാശയാണ് ഇത്തരം കള്ളക്കഥകൾക്ക് പിന്നിലെന്നും അദേഹത്തെ ചതിയിൽപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമാണ് എപ്‌സ്റ്റീൻ ശ്രമിച്ചതെന്നും ഗേറ്റ്‌സിന്റെ ഓഫീസ് വ്യക്തമാക്കി. ഇതിനു പിന്നാലെ ജെഫ്രി എപ്‌സ്റ്റീനെ പരിചയപ്പെട്ടതിലും അദ്ദേഹവുമായി സമയം ചെലവഴിച്ചതിലും ബിൽ ഗേറ്റ്സ് ഖേദം രേഖപ്പെടുത്തി. ജെഫ്രി എപ്സ്റ്റീനുമായി ചെലവഴിച്ച 'ഓരോ മിനിറ്റിലും' കുറ്റബോധമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദേഹം പറഞ്ഞു.
ബിൽ ഗേറ്റ്സിന് റഷ്യൻ മോഡലുകളിൽ നിന്ന് ലൈംഗിക രോഗങ്ങൾ ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിൻഡയ്ക്ക് അവർ അറിയാതെ ആന്റി ബയോട്ടിക്കുകൾ നൽകിയിരുന്നുവെന്നുമാണ് എപ്‌സ്റ്റീൻ ഫയൽസിൽ ആരോപിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ നശിപ്പിക്കാൻ ഗേറ്റ്‌സ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും എപ്‌സ്റ്റീൻ കുറിപ്പുകളിൽ അവകാശപ്പെടുന്നു.
'ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഓരോ മിനിറ്റിലും ഞാൻ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു.' 9 ന്യൂസ് ഓസ്‌ട്രേലിയക്ക് നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് പറഞ്ഞു. 2011ൽ എപ്സ്റ്റീനെ കണ്ടുമുട്ടിയതായും മൂന്ന് വർഷത്തിനിടെ അദേഹത്തോടൊപ്പം നിരവധി അത്താഴങ്ങൾ കഴിച്ചതായും എന്നാൽ ഒരിക്കൽ പോലും താൻ എപ്‌സ്റ്റീന്റെ കരീബിയൻ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി. ബിൽ ഗേറ്റ്സിന്റെ ഓഫീസും സമാനമായ പ്രതികരണം നടത്തിയിട്ടുണ്ട്.
Adjust Story Font
16
