ഗസ്സയിൽ 23 മാസത്തിനിടെ കൊല്ലപ്പെട്ടത് 247 മാധ്യമപ്രവര്‍ത്തകര്‍; ഒന്നാം പേജ് ഒഴിച്ചിട്ട് പ്രതിഷേധവുമായി ബ്രിട്ടീഷ് പത്രം
യുദ്ധം തുടങ്ങി 23 മാസത്തിനിടെ 247 മാധ്യമപ്രവര്‍ത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്

ലണ്ടൻ: ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഒന്നാം പേജ് ഒഴിച്ചിട്ട് ബ്രിട്ടീഷ് ഓൺലൈൻ പത്രം ദി ഇൻഡിപെന്‍ഡന്‍റ്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സ്ഥിതി തുടര്‍ന്നാൽ ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് ലോകത്തെ അറിയിക്കാൻ ആരും അവശേഷിക്കില്ലെന്നും ദി ഇൻഡിപെന്‍ഡന്‍റ് ചൂണ്ടിക്കാട്ടി.
യുദ്ധം തുടങ്ങി 23 മാസത്തിനിടെ 247 മാധ്യമപ്രവര്‍ത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഈയിടെ നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ,റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബി.സി നെറ്റ് വർക്കിന്റെ ജേർണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നസർ ആശുപത്രിയിലെ റിപ്പോർട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകരുടെ കൂട്ടക്കൊലയിൽ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഏജൻസിയിൽ എട്ട് വര്‍ഷമായി സ്ട്രിംഗറായി ജോലി ചെയ്തിരുന്ന വലേരി സിങ്കാണ് ജോലി അവസാനിപ്പിച്ചത്. ഇസ്രായേൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന ഒരു സ്ഥാപനത്തിൽ ഇനി ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്ട്രിംഗര്‍ സേവനം നിര്‍ത്തിയത്.
Adjust Story Font
16

