'ഭരണകൂട മാറ്റമൊക്കെ ഇപ്പോള്‍ മാറി, ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടുപിടിച്ച് തരുമോ എന്നായി': യുഎസിനെ പരിഹസിച്ച് ഇറാൻ
രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ഇറാന്‍ അവകാശപ്പെടുന്നത്

- Published:
4 April 2026 2:40 PM IST

തെഹ്‌റാൻ: ഇറാനിലെ വ്യോമാതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിന് പിന്നാലെ അമേരിക്കയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്.
ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് യുദ്ധത്തിനിറങ്ങിയ അമേരിക്കയുടെ അവസ്ഥ ഇപ്പോൾ കാണാതായ പൈലറ്റുമാരെ തിരഞ്ഞു നടക്കുക എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്ത്രങ്ങളില്ലാത്ത യുദ്ധം എന്നാണ് അമേരിക്കയുടെ സൈനിക നീക്കത്തെ ഘാലിബഫ് വിശേഷിപ്പിച്ചത്.
"ഇറാനെ തുടർച്ചയായി 37 തവണ തോൽപ്പിച്ചതിന് ശേഷം, അവർ തുടങ്ങിയ ഈ തന്ത്രമില്ലാ യുദ്ധം ഇപ്പോൾ ഇറാനിലെ ഭരണമാറ്റത്തിൽ നിന്നും 'ഹേയ്, ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? പ്ലീസ്?' എന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുന്നു. എന്ത് തരം പുരോഗതിയാണിത്. അസാമാന്യ ബുദ്ധിമാന്മാർ തന്നെ'- അദ്ദേഹം എക്സില്‍ കുറിച്ചു.
രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇതിൽ ഒരു വിമാനം തകരുകയും അതിലുണ്ടായിരുന്ന ഒരു പൈലറ്റിനെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ മറ്റൊരാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി അമേരിക്ക തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇറാനെ പൂർണ്ണമായും തകർത്തെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും രണ്ട് ദിവസം മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി വിമാനങ്ങൾ ഇറാന്‍ തകര്‍ക്കുന്നത്.
റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധവും തകർക്കപ്പെട്ടതിനാൽ ഇറാൻ ദുർബലമാണെന്ന ട്രംപിന്റെ അവകാശവാദത്തിനേറ്റ കനത്ത പ്രഹരമായാണ് ഈ സംഭവത്തെ നിരീക്ഷകര്‍ കാണുന്നത്.
Adjust Story Font
16
