'ഗസ്സയിലെ ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കും'; ഇസ്രായേലിന് താക്കീതുമായി കാനഡ, ഫ്രാൻസ്,യുകെ രാജ്യങ്ങൾ
ഇസ്രായേൽ ആക്രമണം തുടര്‍ന്നാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി

തെൽ അവിവ്: ഗസ്സയില്‍ പൂര്‍ണവിജയം നേടുമെന്ന് പ്രഖ്യാപിച്ച് കരയാക്രമണം കടുപ്പിക്കുകയും ദുരിതാശ്വാസ നടപടികള്‍ തടയുകയും ചെയ്യുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ നിലപാടിനെതിരെ പ്രതികരിച്ച് സഖ്യകക്ഷികളായ കാനഡ, ഫ്രാന്‍സ്, യുകെ രാജ്യങ്ങൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ, ഇസ്രായേൽ യുദ്ധം വ്യാപിപ്പിക്കുന്നതിനെ വിമർശിക്കുകയും ഗസ്സയിലെ സാഹചര്യങ്ങൾ 'അസഹനീയം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇസ്രായേൽ ആക്രമണം തുടര്‍ന്നാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
"നെതന്യാഹു സർക്കാർ ഈ ഹീനമായ നടപടികൾ പിന്തുടരുന്നത് വരെ ഞങ്ങൾ നോക്കി നിൽക്കില്ല. ഇസ്രായേൽ പുതുതായി ആരംഭിച്ച സൈനിക ആക്രമണം അവസാനിപ്പിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ, പ്രതികരണമായി ഞങ്ങൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും," പ്രസ്താവനയിൽ പറയുന്നു.
പത്ത് ആഴ്ചയായി തുടരുന്ന ഉപരോധം അവസാനിപ്പിച്ചുകൊണ്ട് ഇന്നലെ പരിമിതമായ അളവിൽ ഗസ്സയിൽ ഇസ്രായേൽ മാനുഷിക സഹായം അനുവദിച്ചിരുന്നു. ബേബി ഫുഡ് ഉൾപ്പെടെയുള്ളവയുമായി 5 ട്രക്കുകൾ ഗസ്സയിലെത്തിയിരുന്നു. മാർച്ച് രണ്ട് മുതൽ ആരംഭിച്ച ഉപരോധത്തിനു ശേഷം ഇതാദ്യമായാണ് സഹായട്രക്കുകൾ എത്തുന്നത്. എന്നാൽ ദിനംപ്രതി 500 ട്രക്കുകളെങ്കിലും എത്തിയാൽ മാത്രമേ ആവശ്യം പൂർത്തീകരിക്കാൻ കഴിയൂ എന്ന് യുഎൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുപത് ലക്ഷത്തിലധികം ആളുകൾക്കാണ് ഭക്ഷണം, മരുന്ന്, അവശ്യവസ്തുക്കൾ എന്നിവ നിഷേധിക്കപ്പെട്ടത്. ഗസ്സയിലേക്ക് പരിമിതമായ അളവിൽ ഭക്ഷണം അനുവദിക്കുമെന്ന ഇസ്രായേലിന്‍റെ പ്രഖ്യാപനം പൂര്‍ണമായും അപര്യാപ്തമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എക്സിൽ പോസ്റ്റ് ചെയ്ത സംയുക്ത പ്രസ്തവാനയിൽ വിമര്‍ശിച്ചു. മാനുഷിക സഹായം ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ സര്‍ക്കാര്‍ അനുവദിക്കണമെന്നും മാനുഷിക തത്വങ്ങൾക്ക് അനുസൃതമായി സഹായ വിതരണം തിരികെ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവരുടെ വെടിനിർത്തൽ ശ്രമങ്ങൾ വിജയിക്കേണ്ടതുണ്ടെന്നും പരാമര്‍ശിച്ചു. "ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും അർഹമായ ദീർഘകാല സമാധാനവും സുരക്ഷയും കൊണ്ടുവരുന്നതിനും മേഖലയിൽ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഏക മാർഗമായ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനായി നാമെല്ലാവരും പ്രവർത്തിക്കണം."കാര്‍ണി കൂട്ടിച്ചേര്‍ത്തു.
എന്നാൽ ''ലണ്ടൻ, ഒട്ടോവ, പാരീസ് എന്നിവിടങ്ങളിലെ നേതാക്കൾ ഒക്ടോബര്‍ 7ലെ ഇസ്രായേലിനെതിരായ വംശഹത്യ ആക്രമണത്തിന് വലിയ സമ്മാനം വാഗ്ദാനം ചെയ്യുന്നു. അത്തരം അതിക്രമങ്ങൾ കൂടുതൽ ക്ഷണിച്ചുവരുത്തുന്നു" എന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ''അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ആയുധം താഴെ വയ്ക്കുകയും ചെയ്താൽ അവരുടെ കൊലപാതകികളായ നേതാക്കളെ നാടുകടത്തുകയും ഗസ്സയെ സൈനികവത്ക്കരിക്കുകയും ചെയ്താൽ, നാളെ യുദ്ധം അവസാനിക്കും. ഒരു രാഷ്ട്രവും അതിൽ കുറവൊന്നും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ഇസ്രായേൽ തീർച്ചയായും അങ്ങനെ ചെയ്യില്ല'' നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇത് പ്രാകൃതത്വത്തിനെതിരായ നാഗരികതയുടെ യുദ്ധമാണെന്ന് നെതന്യാഹു പറഞ്ഞപ്പോൾ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റ ശ്രമങ്ങളെ മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അപലപിച്ചു.
"നിയമവിരുദ്ധവും ഫലസ്തീൻ രാഷ്ട്രത്തിന്‍റെ നിലനിൽപ്പിനെയും ഇസ്രായേലികളുടെയും ഫലസ്തീനികളുടെ സുരക്ഷയെയും ദുർബലപ്പെടുത്തുന്നതുമായ കുടിയേറ്റങ്ങൾ ഇസ്രായേൽ നിർത്തലാക്കണം. അല്ലെങ്കിൽ ഉപരോധങ്ങൾ ഉൾപ്പെടെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ മടിക്കില്ല." ഫ്രാൻസ്, കാനഡ, യുകെ രാജ്യങ്ങളുടെ നേതാക്കൻമാര്‍ ആവര്‍ത്തിച്ചു.
അതേസമയം ഗസ്സയിലെ ഏറ്റവും വലിയ രണ്ടാമത് പട്ടണമായ ഖാൻ യൂനുസിൽനിന്ന് ഫലസ്തീനികളെ കൂട്ടമായി പുറന്തള്ളുകയാണ് ഇസ്രായേൽ. രാത്രിയും പ്രദേശത്ത് കനത്ത തോതിൽ വ്യോമാക്രമണം നടന്നു. ബനീ സുഹൈല, അബസാൻ എന്നിവിടങ്ങളിലുള്ളവരോടും അടിയന്തരമായി ഒഴിഞ്ഞുപോകാനാണ് ഇസ്രായേൽ മുന്നറിയിപ്പ്. സമീപത്തെ മവാസിയിലേക്കാണ് ആയിരങ്ങൾ അഭയം തേടി നീങ്ങുന്നത്. മധ്യഗസ്സയിലെ ഫലസ്തീൻ ഒഴിപ്പിക്കലിനു പിന്നാലെയാണ് ഖാൻ യൂനുസിൽ നിന്നുള്ള പുറന്തള്ളൽ. ഗസ്സ പൂർണമായും പിടിച്ചടക്കുന്നതിന്‍റെ ഭാഗമായാണ് കരസേനാനീക്കവും കുടിയൊഴിപ്പിക്കലുമെന്നാണ് റിപ്പോർട്ട്. ഇന്നലെ മാത്രം ഗസ്സയിൽ എൺപതിലേറെ പേരാണ് കൊല്ലപ്പെട്ടത്. നുസൈറാത്തിൽ സ്കൂളിനു മേൽ ബോംബിട്ട് നിരവധി കുട്ടികളെ കൊലപ്പെടുത്തി.
Adjust Story Font
16

