ലൈംഗികചൂഷണം മാത്രമല്ല പെൺകുട്ടികളെ ഭക്ഷണവുമാക്കി?: ‘എപ്‌സ്റ്റീൻ ഫയൽസിലെ’ വസ്തുത എന്ത്?
ലോകത്തെ പ്രമുഖരായ വ്യക്തികൾക്ക് നരഭോജനവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം

- Updated:
2026-02-03 12:23:53.0

ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിന് പിന്നാലെ, അതീവ ഗുരുതരവും വിചിത്രവുമായ ചില ആരോപണങ്ങൾ സമൂഹമാധ്യമത്തിൽ വീണ്ടും സജീവമാകുന്നു. ലോകത്തെ പ്രമുഖരായ വ്യക്തികൾക്ക് നരഭോജനവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം.
2009-ൽ മെക്സിക്കോയിൽ വെച്ച് ഗാബ്രിയേല റിക്കോ ജിമെനെസ് എന്ന യുവതി നടത്തിയ പരസ്യപ്രതികരണമാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. മെക്സിക്കോ സിറ്റിയിലെ ഒരു ആഡംബര ഹോട്ടലിന് മുന്നിൽ വെച്ച് പരിഭ്രാന്തിയോടും അസ്വസ്ഥതയോടും സംസാരിക്കുന്ന യുവതിയുടെ വീഡിയോയിൽ, ഉന്നതരായ വ്യക്തികൾ മനുഷ്യമാംസം ഭക്ഷിക്കുന്നുണ്ടെന്നും അവർ കുട്ടികളെ കൊല്ലുന്നുണ്ടെന്നുമാണ് ആരോപിക്കുന്നത്. അന്ന് അധികൃതർ ഇവരെ മാനസികാസ്വാസ്ഥ്യമുള്ളവൾ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും, എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഈ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ മോഡൽ പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷയാവുകയും നിലവിൽ എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല എന്നതും ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമത്തിലെ ചർച്ചകൾ.
നരഭോജന ആരോപണങ്ങൾക്കായി വ്യാപകമായി പങ്കുവെക്കപ്പെടുന്ന മറ്റൊരു ചിത്രം കോഴികളെ പാകം ചെയ്യാൻ വെച്ചിരിക്കുന്നതിനിടയിൽ ഒരു കൊച്ചു കുട്ടിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽ വെച്ചിരിക്കുന്ന ചിത്രമാണിത്. ഒരു പ്രൊഫഷണൽ അടുക്കളയിൽ എടുത്തതെന്ന് തോന്നിക്കുന്ന ഈ ചിത്രം എപ്‌സ്റ്റീൻ വിരുന്നുകളുമായി ബന്ധപ്പെട്ടതാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്.
യഥാർഥത്തിൽ ഇത് ഒരു ജർമ്മൻ കലാകാരൻ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഒരു കലാരൂപമാണ് ഇത്. യഥാർഥ മനുഷ്യശരീരഭാഗമല്ലെന്നും കേവലം ഒരു കലാസൃഷ്ടി മാത്രമാണെന്നും മുമ്പ് തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. എപ്‌സ്റ്റീൻ കേസുമായി ഇതിന് യാതൊരു ബന്ധവുമില്ലെങ്കിലും, ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവർ ഈ പഴയ ചിത്രം തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണ്.
എപ്‌സ്റ്റീൻ ഫയലുകൾ വിശദമായി പരിശോധിച്ച മാധ്യമപ്രവർത്തകരും ഗവേഷകരും വ്യക്തമാക്കുന്നത്, പുറത്തുവന്ന ഔദ്യോഗിക രേഖകളിലൊന്നും തന്നെ നരഭോജനത്തെക്കുറിച്ചോ ആചാരപരമായ കൊലപാതകങ്ങളെക്കുറിച്ചോ (Ritual killings) യാതൊരുവിധ തെളിവുകളും ഇല്ല എന്നാണ്. ഗാബ്രിയേല റിക്കോ ജിമെനെസ് എന്ന മോഡലിന് ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകളും നിലവിലില്ല.
എപ്‌സ്റ്റീൻ നടത്തിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളെയും നിയമവ്യവസ്ഥയുടെ പരാജയങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് ഈ ഫയലുകളിലുള്ളത്. എന്നാൽ, ഇത്തരം സുപ്രധാന രേഖകളെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വിശ്വാസ്യത നൽകാനായി ചിലർ ഉപയോഗിക്കുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. യാതൊരു വസ്തുതയുമില്ലാത്ത കഥകളെ സത്യങ്ങളാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16
