യുഎസ് ഉപരോധം മറികടന്ന് ഇറാനിലേക്ക് കപ്പലുകൾ; വെല്ലുവിളികളെ നേരിടാൻ സജ്ജമെന്ന് പ്രഖ്യാപനം
അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ഒരു സൂപ്പർ ടാങ്കറും ഇറാൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്

- Updated:
2026-04-15 12:01:36.0

representative image
തെഹ്റാന്‍: അമേരിക്കയുടെ ഉപരോധം നിലനിൽക്കെ ഇറാനിലേക്ക് ചരക്കുകപ്പലുകൾ എത്തുന്നതായി റിപ്പോർട്ട്. ഭക്ഷണസാധനങ്ങളുമായി എത്തിയ ഒരു ചരക്കുകപ്പൽ പേർഷ്യൻ ഗൾഫിൽ പ്രവേശിച്ചതായും നിലവിൽ അത് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' റിപ്പോർട്ട് ചെയ്തു.
ഇതിനുപുറമെ, അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ഒരു സൂപ്പർ ടാങ്കർ ഇന്ന് രാവിലെ ഇറാൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ഉപരോധത്തോട് രൂക്ഷമായ ഭാഷയിലാണ് ഇറാന്റെ പ്രതികരണം. 8,000 കിലോമീറ്ററിലധികം കര-കടൽ അതിർത്തികളുള്ള ഇറാനെ ഇത്തരം ഉപരോധങ്ങൾ കൊണ്ട് തളയ്ക്കാനാവില്ലെന്ന് ഇറാൻ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
"അമേരിക്കയുടെ ഉപരോധം ഒരിടത്തും എത്താൻ പോകുന്നില്ല," അദ്ദേഹം പറഞ്ഞു. ഇറക്കുമതിയും കയറ്റുമതിയും സുഗമമാക്കുന്നതിന് 'ഫ്രീ സോണുകൾ' ഉൾപ്പെടെയുള്ള ഇതര സംവിധാനങ്ങൾ സജീവമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
ഇറാന്റെ വ്യാപാരത്തിന്റെ വലിയൊരു ഭാഗവും ദക്ഷിണ തീരപ്രദേശങ്ങൾ വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സുരക്ഷ അതീവ പ്രാധാന്യമുള്ളതാണ്. ഗൾഫ് മേഖല, ഒമാൻ കടൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ സൈന്യം അറിയിച്ചു. തീരദേശ മേഖലകളിൽ ഏത് തരം വെല്ലുവിളികളെയും നേരിടാൻ സൈന്യം തയ്യാറാണെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി.
Adjust Story Font
16
