Quantcast

​ഗസ്സയിലെ ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനം ട്രംപിന്റെ സമാധാന പദ്ധതിക്ക്​ ഭീഷണിയെന്ന്​ ഖത്തർ

കൊടുംശൈത്യത്തിന്റെ പിടിയിലായ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാണെന്ന്​ വിവിധ യുഎൻ ഏജൻസികൾ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    19 Dec 2025 8:11 AM IST

Ceasefire violations of Israel in Gaza threaten Trumps peace plan Says Qatar
X

ദോഹ: ഗസ്സ വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുന്ന ഇസ്രായേൽ നടപടി സമാധാന പദ്ധതിക്ക്​ വൻ തിരിച്ചടിയെന്ന്​ മധ്യസ്ഥ രാജ്യമായ ഖത്തർ. കരാറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പുകൾ വേഗത്തിലാക്കണമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.

വാഷിങ്ടണിൽ കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഖത്തർ പ്രധാനന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന തങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും മാനുഷിക സഹായം ഗസ്സയിലേക്ക് എത്താൻ ഇനിയും വൈകരുതെന്നും ഖത്തർ പ്രധാനന്ത്രി വ്യക്തമാക്കി.

രണ്ടു മാസത്തിലേറെ നീണ്ട വെടിനിർത്തൽ കരാർ എണ്ണൂറോളം തവണയാണ്​ ഇസ്രായേൽ ലംഘിച്ചത്​. ഇതുവഴി 394 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1075 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുംശൈത്യത്തിന്റെ പിടിയിലായ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാണെന്ന്​ വിവിധ യുഎൻ ഏജൻസികൾ അറിയിച്ചു. താത്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർക്ക്​ അടിയന്തര സഹായം എത്തിക്കണമെന്ന യുഎൻ അഭ്യർഥനയും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല.

അതേസമയം, ഗസ്സയിൽ സമാധാനം കൊണ്ടുവന്നത്​ തന്റെ നേട്ടമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ ആവർത്തിച്ചു. 29ന്​​ വൈറ്റ്​ ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ​ട്രംപിന്‍റ നിർണായക കൂടിക്കാഴ്ച നടക്കും. ഗസ്സയിലെ വംശഹത്യാ നടപടികളുടെ പേരിൽ നെതന്യാഹുവിനെതിരെ അറസ്റ്റ്​ വാറന്റ്​ പുറപ്പെടുവിച്ച അന്താരാഷ്​ട്ര ക്രിമിനൽ കോടതി ജഡ്ജിമാർക്കും ജീവനക്കാർക്കുമെതിരെ അമേരിക്ക കൂടുതൽ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു.

ഇതിനിടെ, ദക്ഷിണ ലബനാനിൽ ഇന്നലെയും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെ ആയുധ ശേഖരങ്ങളും പരിശീലന കേന്ദ്രങ്ങളുമടക്കമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

TAGS :

Next Story