Quantcast

ചെർണോബിലെ അവസാനം വിവാഹം; പിന്നീട് അവർക്ക് എന്ത് സംഭവിച്ചു?

ഇന്ന് ചെർണോബിൽ പ്ലാന്റിന് ചുറ്റും റേഡിയേഷൻ പുറത്തുവരാതിരിക്കാൻ വലിയൊരു ലോഹകവചം നിർമ്മിച്ചിട്ടുണ്ട്. ഒരിക്കൽ അവർ സ്വപ്നങ്ങൾ നെയ്ത പ്രിപ്യാറ്റ് നഗരം ഇന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-04-19 05:13:51.0

Published:

19 April 2026 10:15 AM IST

ചെർണോബിലെ അവസാനം വിവാഹം; പിന്നീട് അവർക്ക് എന്ത് സംഭവിച്ചു?
X

അന്ന് അർധരാത്രി പിന്നിട്ടിരുന്നു. നാളത്തെ തന്റെ കല്യാണ സ്വപ്നങ്ങളും നെയ്ത്, നഖങ്ങളിൽ ചായം പൂശി ഉറങ്ങാൻ കിടക്കുകയായിരുന്നു ഐറീന. തൊട്ടടുത്ത ഫ്ലാറ്റിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അവളുടെ വരൻ സെർഹിയും ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. പെട്ടെന്നാണ് ആകാശത്തുകൂടി നൂറുകണക്കിന് വിമാനങ്ങൾ ഒന്നിച്ചു പറക്കുന്നതുപോലൊരു ഇരമ്പൽ കേട്ടത്. ജനൽച്ചില്ലുകൾ ഒന്നാകെ വിറച്ചു. എന്തോ ചെറിയ ഭൂകമ്പമാണെന്ന് കരുതി സെർഹി വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷേ, അവർ പുതിയൊരു ജീവിതം തുടങ്ങാൻ സ്വപ്നം കണ്ടിരുന്ന പ്രിപ്യാറ്റ് നഗരത്തിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തം സംഭവിക്കുകയായിരുന്നു എന്ന് ആ പാവം കമിതാക്കൾ അറിഞ്ഞിരുന്നില്ല.

ദുരന്തം പുകയുന്ന പ്രഭാതം

1986 ഏപ്രിൽ 26ന്റെ പ്രഭാതം പതിവിലും മനോഹരമായിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കായി പുറത്തിറങ്ങിയ സെർഹി കണ്ടത് തെരുവുകൾ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്നവരും ഗ്യാസ് മാസ്ക് ധരിച്ച പട്ടാളക്കാരുമാണ്. പ്ലാന്റിൽ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞതല്ലാതെ മറ്റൊന്നും അയാൾക്ക് അറിയില്ലായിരുന്നു. ദൂരെ, നാലാം നമ്പർ റിയാക്ടറിൽ നിന്ന് പുക ഉയരുന്നത് അയാൾ കണ്ടു. ഒരു മുൻകരുതലെന്ന നിലയിൽ നനഞ്ഞ തുണികൾ വാതിൽപ്പടിയിൽ ഇട്ട ശേഷം അയാൾ വിവാഹത്തിനുള്ള പൂക്കൾ വാങ്ങാനായി പോയി. മറുവശത്ത്, ഐറീനയുടെ വീട്ടിലേക്ക് അയൽക്കാരുടെ പരിഭ്രാന്തി നിറഞ്ഞ ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു.

അധികാരികളെ വിളിച്ചപ്പോൾ, പരിഭ്രാന്തരാകേണ്ടെന്നും കല്യാണവുമായി മുന്നോട്ട് പോകാമെന്നുമായിരുന്നു അവർക്ക് ലഭിച്ച മറുപടി. അങ്ങനെ അന്ന് തന്നെ ആ നഗരത്തിലെ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് അവർ വിവാഹിതരായി. എന്നാൽ ആ സൽക്കാരത്തിൽ ആർക്കും ഒരു സന്തോഷവും ഉണ്ടായിരുന്നില്ല. വായുവിൽ എന്തോ വലിയൊരു ദുരന്തത്തിന്റെ ഗന്ധം തങ്ങിനിൽപ്പുണ്ടായിരുന്നു. വിവാഹ ശേഷം അവർ ഒരുമിച്ച് ചുവടുവെച്ച ആദ്യ നൃത്തത്തിൽ പോലും അവർക്ക് താളം കണ്ടെത്താനായില്ല. പുറത്ത് എന്തോ വലിയ ആപത്ത് നടക്കുന്നുണ്ടെന്ന ഭയത്തോടെ ആ നവവധൂവരന്മാർ പരസ്പരം ഇറുകെ പുണർന്നു.

കല്യാണത്തിന്റെ ക്ഷീണത്തിൽ ഉറങ്ങാൻ കിടന്ന അവരെ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കുള്ള ട്രെയിനിൽ നഗരം വിടണമെന്ന അറിയിപ്പാണ് വിളിച്ചുണർത്തിയത്. കയ്യിൽ വേറെ വസ്ത്രങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഐറീന തന്റെ വിവാഹവസ്ത്രം തന്നെ വീണ്ടും ധരിച്ചു. ചെരുപ്പുപോലുമില്ലാതെ, മഴവെള്ളം കെട്ടിക്കിടക്കുന്ന വഴികളിലൂടെ അവൾ പ്രാണനുംകൊണ്ട് ഓടി. ഇരുട്ടിൽ ട്രെയിനിൽ ഇരുന്ന് നോക്കുമ്പോൾ തകർന്ന റിയാക്ടർ ഒരു അഗ്നിപർവ്വതം പോലെ ഭയാനകമായി തിളങ്ങുന്നത് അവർ കണ്ടു. വെറും മൂന്ന് ദിവസത്തേക്ക് എന്ന് പറഞ്ഞ് പോയ അവർക്ക് പിന്നീട് ആ നഗരത്തിലേക്ക് ഒരിക്കലും മടങ്ങിവരാൻ കഴിഞ്ഞില്ല.

ദുരന്തത്തിന്റെ യഥാർഥ വ്യാപ്തി പുറത്തുവിടാൻ സോവിയറ്റ് യൂണിയൻ വലിയ കാലതാമസം വരുത്തി. ഹിരോഷിമയിൽ വർഷിച്ച ബോംബിനേക്കാൾ 400 മടങ്ങ് റേഡിയേഷനാണ് അവിടെ ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. റിയാക്ടറിലെ ജീവനക്കാർക്ക് വലിയ തോതിൽ റേഡിയേഷൻ ഏൽക്കുകയും പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 20 കിലോയിലധികം ഭാരമുള്ള കനത്ത ലെഡ് പ്ലേറ്റുകൾ ശരീരത്തിൽ ധരിച്ചാണ് എസ്റ്റോണിയയിൽ നിന്നുൾപ്പെടെ എത്തിയ ജോലിക്കാർ അവിടെ രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മിനിറ്റ് വീതം മാത്രമാണ് അവർക്ക് അവിടെ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 31 പേർ മരിച്ചെന്നാണ് പറയുന്നതെങ്കിലും യഥാർത്ഥ മരണസംഖ്യ ആയിരക്കണക്കിന് വരും.

പേടിയോടെ കാത്തിരുന്ന ആദ്യ കണ്മണി

ദുരന്തസ്ഥലത്ത് നിന്ന് മാറി സുരക്ഷിതമായൊരിടത്ത് എത്തിയപ്പോഴാണ് ഐറീന താൻ മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. റേഡിയേഷൻ കുഞ്ഞിനെ ബാധിക്കുമെന്നും അതിനാൽ ഗർഭച്ഛിദ്രം ചെയ്യണമെന്നും ഡോക്ടർമാർ ഉപദേശിച്ചു. എന്നാൽ ഒരു വനിതാ ഡോക്ടർ നൽകിയ ധൈര്യത്തിൽ അവൾ ആ കുഞ്ഞിന് ജന്മം നൽകി. കാത്യ എന്ന് പേരിട്ട ആ മകൾ പൂർണ ആരോഗ്യവതിയായിരുന്നു. എങ്കിലും റേഡിയേഷന്റെ അനന്തരഫലമായി തങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി അവർ വിശ്വസിക്കുന്നു. ഐറീനയ്ക്ക് രണ്ട് കാൽമുട്ടുകളും മാറ്റിവെക്കേണ്ടി വരികയും സെർഹിയ്ക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു.

ഇന്ന് ചെർണോബിൽ പ്ലാന്റിന് ചുറ്റും റേഡിയേഷൻ പുറത്തുവരാതിരിക്കാൻ വലിയൊരു ലോഹകവചം നിർമ്മിച്ചിട്ടുണ്ട്. ഒരിക്കൽ അവർ സ്വപ്നങ്ങൾ നെയ്ത പ്രിപ്യാറ്റ് നഗരം ഇന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ച അവർക്ക് 2022ൽ യുക്രൈനിൽ റഷ്യൻ അധിനിവേശം ഉണ്ടായപ്പോൾ വീണ്ടും ജർമനിയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എങ്കിലും 40 വർഷങ്ങൾക്കിപ്പുറവും അവരുടെ ദാമ്പത്യം വളരെ ശക്തമായി തുടരുന്നു.

'ഞങ്ങൾ സൂചിയും നൂലും പോലെയാണ്, എല്ലാം ഞങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്,' ഐറീന പറയുന്നു. ഒരുപക്ഷേ, പരസ്പരം താങ്ങില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് അവരെ പഠിപ്പിക്കാനാകും ജീവിതം അവർക്കായി ഇത്രയധികം വെല്ലുവിളികൾ കരുതിവെച്ചത്!

TAGS :

Next Story