പാകിസ്താനിലെ തൗൻസയിൽ കുട്ടികൾ ഉൾപ്പെടെ 300 പേർക്ക് എച്ച്‌ഐവി ബാധ
സുരക്ഷിതമല്ലാത്ത രക്തദാനവും ഇഞ്ചക്ഷന്റെ അമിതമായ ഉപയോഗവുമാണ് രോഗബാധക്ക് കാരണമെന്നാണ് നിഗമനം

ലാഹോർ: പാകിസ്താനിലെ തൗൻസ ജില്ലയിൽ വൻ എച്ച്‌ഐവി ബാധ. കുട്ടികളിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. സുരക്ഷിതമല്ലാത്ത രക്തദാനവും ഇഞ്ചക്ഷന്റെ അമിതമായ ഉപയോഗവുമാണ് രോഗബാധക്ക് കാരണമെന്നാണ് നിഗമനം.
ഈ വർഷം ഏപ്രിൽ, ആഗസ്റ്റ് മാസങ്ങളിൽ വന്ന രണ്ട് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2024 ഡിസംബർ മുതൽ ഈ പ്രദേശത്ത് ഏകദേശം 300 എച്ച്‌ഐവി പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഒരു വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്. 2019ൽ സിന്ധിലെ റാറ്റോഡിറോയിൽ വൻ തോതിൽ പീഡിയാട്രിക് എച്ച്‌ഐവി പൊട്ടിപ്പുറപ്പെട്ടതിന് സമാനമായ രീതിയിലാണ് തൗൻസയിലും എച്ച്‌ഐവി ബാധ ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
12 വയസ്സിന് താഴെയുള്ള 127 കുട്ടികൾക്ക് കൂടി എച്ച്‌ഐവി സ്ഥിരീകരിച്ചതോടെ 2024 ഡിസംബർ- 2025 ഏപ്രിൽ കാലയളവിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 231 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 79 ശതമാനം പേരും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ്. രോഗികളുടെ ശരാശരി വയസ് 4.5 ആണ്. ചെറിയ കുഞ്ഞുങ്ങളെയും കുട്ടികളെയുമാണ് രോഗം കാര്യമായി ബാധിച്ചത്. അതുകൊണ്ട് തന്നെ രോഗം പകർന്നത് ജീവിതരീതിയിലെ പ്രശ്‌നങ്ങൾ കൊണ്ടല്ലെന്നും സുരക്ഷിതമല്ലാത്ത മെഡിക്കൽ രീതികളെക്കൊണ്ടാണെന്നുമാണ് വിദഗ്ധർ പറയുന്നത്.
2025 ആഗസ്റ്റിൽ പഞ്ചാബ് എയ്ഡ്സ് കൺട്രോൾ പ്രോഗ്രാമിന്റെ (പിഎസിപി) കണ്ടെത്തലുകൾ പ്രകാരം തെഹ്സിലിലെ കുട്ടികളിൽ 125 എച്ച്‌ഐവി പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 48,000 വീടുകളിൽ നടത്തിയ ഒരു വലിയ സ്‌ക്രീനിങ് കാമ്പയിനിൽ, പിഎസിപി 150 എച്ച്‌ഐവി സംശയിക്കുന്ന കേസുകൾ കണ്ടെത്തി, അതിൽ 125 കേസുകൾ എച്ച്‌ഐവി വാഹകരാണെന്ന് സ്ഥിരീകരിച്ചു. ആകെ 66 പുതിയ കേസുകൾ സ്ഥിരീകരിച്ചു, 59 പേർ ഇതിനകം ചികിത്സയിലാണ്. സംശയിക്കപ്പെടുന്ന 23 കേസുകൾ എച്ച്‌ഐവി നെഗറ്റീവ് ആയി പ്രഖ്യാപിച്ചു. അതിനാൽ, ഇതിനകം സ്ഥിരീകരിച്ച 231 കേസുകൾക്ക് പുറമേ, 66 പുതിയ കേസുകൾ കൂടി വന്നതോടെ മൊത്തം കേസുകളുടെ എണ്ണം 297 ആയി ഉയർന്നു.
Adjust Story Font
16

