Quantcast

'വെന്തുമരിച്ച കുഞ്ഞുങ്ങൾ; തലയും കൈകാലുകളുമറ്റ സ്ത്രീകൾ, ഗർഭിണികൾ'-ഇസ്രായേൽ ചുട്ടുചാമ്പലാക്കിയ റഫാ ക്യാംപിലെ കാഴ്ചകൾ

സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന തൽ അൽസുൽത്താനിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേരാണ് വെന്തുമരിച്ചത്

MediaOne Logo

Web Desk

  • Published:

    27 May 2024 4:33 PM GMT

Children and women dismembered, burnt alive: Scenes from Rafah tent camp after Israel’s bombardment, Rafah camp attack
X

ഗസ്സ സിറ്റി: ''ഞങ്ങളെല്ലാം ടെന്റിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ക്യാംപിൽ ബോംബ് പതിക്കുന്നത്. കുടുംബത്തിലെ അഞ്ചുപേരെ എനിക്ക് നഷ്ടപ്പെട്ടു. എല്ലാവരും പൂർണമായി കത്തിക്കരിഞ്ഞിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ട്. ഈ ആക്രമണം നടക്കുംവരെ ഇവിടം സുരക്ഷിതമാണെന്നാണ് അവർ എപ്പോഴും പറഞ്ഞിരുന്നത്.''

ഇന്നലെ റഫായിലെ അഭയാർഥി ക്യാംപിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ അൽജസീറയോട് പങ്കുവയ്ക്കുകയായിരുന്നു മാജിദ് അൽഅത്താർ. ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽനിന്ന് കുടുംബത്തോടൊപ്പം റഫായിലേക്കു പലായനം ചെയ്തതായിരുന്നു മാജിദ്. യു.എൻ സംരക്ഷണമുള്ള മേഖല സുരക്ഷിതമാണെന്നായിരുന്നു ഇന്നലെ രാത്രിവരെ മാജിദും കുടുംബവുമെല്ലാം വിശ്വസിച്ചിരുന്നത്.

''ഇവിടെ സുരക്ഷിതമാണെന്നാണ് അവർ ഞങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് കിഴക്കൻ റഫായിൽനിന്ന് ഇങ്ങോട്ടെത്തിയത്. ഗസ്സയിൽ ഇപ്പോൾ ഒരിടവും സുരക്ഷിതമല്ലെന്നു ബോധ്യപ്പെട്ടിരിക്കുന്നു. എല്ലായിടത്തും കൂട്ടക്കൊലയാണു നടക്കുന്നത്. ഇന്നലെ എന്റെ സഹോദരനെ നഷ്ടമായി. ഓരോ ദിവസവും ഓരോ നഷ്ടങ്ങളാണ്..''-കിഴക്കൻ റഫായിൽനിന്ന് തൽ അൽസുൽത്താനിലെത്തിയ മഹ്‌മൂദ് അൽഅത്താറിന്റെ വാക്കുകൾ.

ഇന്നലെ രാത്രിയായിരുന്നു അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് റഫായിൽ ഇസ്രായേൽ നരനായാട്ട് നടന്നത്. റഫായിലെ സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന തൽ അൽസുൽത്താനിൽ രാത്രി 8.45ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു അഭയാർഥി ക്യാംപ് അപ്പാടെ കത്തിച്ചാമ്പലായി. 45 പേരാണ് ആക്രമണത്തിൽ വെന്തുമരിച്ചത്. 249ഓളം പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു.


വെന്തുമരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നാണു രക്ഷാപ്രവർത്തകർ പറയുന്നത്. ഗർഭിണികളും ഇതിൽ ഉൾപ്പെടും. നിരവധി കുട്ടികളുടെ ശരീരങ്ങൾ സ്ഥലത്തുനിന്നു കിട്ടിയെന്ന് മുതിർന്ന സർക്കാർ വൃത്തം മുഹമ്മദ് അൽമുഗയ്യിർ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് വെളിപ്പെടുത്തി. ''കത്തിക്കരിഞ്ഞ ശരീരങ്ങൾ. ചിന്നിച്ചിതറിയ കൈക്കാലുകൾ. പൊള്ളലേൽക്കുകുയം അംഗവിഹീനരാകുകയും ചെയ്ത കുട്ടികളും സ്ത്രീകളും വയോധികരും.''-ഇതൊക്കെയായിരുന്നു അവിടത്തെ കാഴ്ചകളെന്ന് മുഗയ്യിർ വിവരിച്ചു.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്നു പലായനം ചെയ്തവരാണ് തൽ അൽസുൽത്താനിൽ ടെന്റ് കെട്ടി താമസിക്കുന്നത്. ഇവർക്കുമേലാണിപ്പോൾ ഇസ്രായേൽ 907 കി.ഗ്രാം ഭാരമുള്ള ബോംബുകൾ വർഷിച്ചതെന്ന് ഗസ്സ മീഡിയ ഓഫിസ് പറഞ്ഞു. മേഖലയിൽ യു.എൻ അംഗീകാരമുള്ള അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന പത്താമത്തെ ആക്രമണമാണിത്. ആകെ 190 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

അഭയാർഥി ക്യാംപിലെ ആക്രമണത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യവും അംഗീകരിച്ചിട്ടുണ്ട്. സർക്കാർ വക്താവ് ആവി ഹൈമൻ ആണു സംഭവത്തിൽ അന്താരാഷ്ട്ര പ്രതിഷേധം പുകയുന്നതിനിടെ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതിനാൽ കൂടുതൽ വിവരം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞൊഴുയകയായിരുന്നു വക്താവ്.

Summary: 'Children and women dismembered, burnt alive': Scenes from Rafah tent camp after Israel’s bombardment

TAGS :

Next Story