Quantcast

ചൈനയിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ നടപടി: 30ലധികം പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

പൊതുസ്ഥലത്ത് ആരാധന നടത്തുന്നതിന് സർക്കാർ അനുമതി ആവശ്യമുള്ള 2018 ലെ നിയമങ്ങളാണ് സിയോൺ പോലുള്ള സഭകളെ ബാധിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-16 09:24:49.0

Published:

16 Oct 2025 2:49 PM IST

ചൈനയിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ നടപടി: 30ലധികം പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു
X

ജിൻ മിംഗ്രി Photo- Reuters

ബെയ്ജിങ്: ചൈനയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര സഭയായ സിയോണ്‍ സഭയുടെ മുപ്പതിലധികം പാസ്റ്റര്‍മാരെയാണ് അടുത്തിടെയായി അറസ്റ്റ് ചെയ്തത്. ഇതില്‍ സിയോണ്‍ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിന്‍ മിംഗ്രിയും ഉള്‍പ്പെടും. അറസ്റ്റും നടപടികളും ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസത്യന്‍ വിശ്വാസികള്‍ക്കെതിരെ ചൈന നേരത്തെയും നടപടി എടത്തിരുന്നുവെങ്കിലും കുറെനാളുകള്‍ക്ക് ശേഷമാണ് പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതെന്ന് ബിബിസി പറയുന്നു. ചൈനയിൽ പാസാക്കിയ പുതിയ നിയമങ്ങൾ സഭാ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും സഭാംഗങ്ങളുടെ മേൽ അധികാരികൾക്ക് നോട്ടമുണ്ടെന്നും ബിബിസി ചൂണ്ടിക്കാണിക്കുന്നു.

നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്ന ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കിലും സര്‍ക്കാര്‍ കണക്കുകളില്‍ 3.8 കോടി പ്രൊട്ടസ്റ്റന്റുകളും 60 ലക്ഷത്തോളം കത്തോലിക്കാ സഭാ വിശ്വാസികളുമുണ്ട്. ഇത് ചൈന അംഗീകരിച്ച ക്രിസ്ത്യന്‍ സഭകളില്‍ അംഗങ്ങളായവരുടെ മാത്രം കണക്കാണ്.

യുഎസില്‍ താമസിക്കുന്ന ജിന്‍ മിംഗ്രിയുടെ മകള്‍ ഗ്രേസ് ജിന്‍ ഡ്രെക്‌സലിന് അച്ഛന്‍ അയച്ച സന്ദേശമാണ് ചൈനയില്‍ നടക്കുന്ന നടപടികളേപ്പറ്റി പുറംലോകത്തെ അറിയിച്ചത്. തടവിലായ മറ്റൊരു പാസ്റ്റര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശമായിരുന്നു അത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം മാതാവ് വിളിച്ച് അച്ഛനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് മിംഗ്രിയും അറസ്റ്റിലായെന്ന കാര്യം കുടുംബം തിരിച്ചറിഞ്ഞത്. അദ്ദേഹമിപ്പോള്‍ ബെയ്ഹായ് ജയിലിലാണ്. ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്കിന്റെ (information networks) നിയമവിരുദ്ധ ഉപയോഗം എന്നാണ് അദ്ദേഹത്തില്‍ ആരോപിക്കുന്ന കുറ്റം എന്നാണ് ബിബിസി പറയുന്നത്.

ബീജിംഗ്, ഷാങ്ഹായ് ഉള്‍പ്പെടെ 10 നഗരങ്ങളിലായി സിയോണ്‍ സഭയെ ലക്ഷ്യമിട്ട് ചൈനീസ് അധികൃതര്‍ പരിശോധനയും അറസ്റ്റും നടത്തിയത്. പാസ്റ്റര്‍മാര്‍, സഭാ നേതാക്കള്‍, അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സഭകളെ ( അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് ) ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണ് സിയോണ്‍ സഭാ നേതാക്കളെ അറസ്റ്റ് ചെയത് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ സ്വതന്ത്ര സഭകളില്‍ ഏറ്റവും വലുതാണ്‌ സിയോണ്‍ സഭ എന്നാണ് വിവരം.

2005ലും 2018ലും മതവിഭാഗങ്ങൾക്കായുള്ള നിയന്ത്രണങ്ങൾ സർക്കാർ പരിഷ്കരിക്കുകയും കർശനമാക്കുകയും ചെയ്തിരുന്നു. പൊതുസ്ഥലത്ത് ആരാധന നടത്തുന്നതിന് സർക്കാർ അനുമതി ആവശ്യമുള്ള 2018 ലെ നിയമങ്ങളാണ് സിയോൺ പോലുള്ള സഭകളെ ബാധിച്ചത്. പലരും പൊതു പ്രവർത്തനങ്ങൾ നിർത്താൻ നിർബന്ധിതരായി, ഓൺലൈൻ സേവനങ്ങൾ നടത്തുന്നതിലേക്ക് തിരിഞ്ഞു, അല്ലെങ്കിൽ അടച്ചുപൂട്ടേണ്ടി വന്നു. തുടർന്നുള്ള വർഷങ്ങളിൽ ചില പ്രമുഖ പാസ്റ്റർമാരുടെ അറസ്റ്റ് ഉണ്ടാകുകയും ചെയ്തു.

അടുത്തിടെയാണ് അധികൃതര്‍ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് വിലയിരുത്തല്‍. സിയോൺ സഭാംഗങ്ങൾ പൊലീസുകാരുടെ ചോദ്യം ചെയ്യലുകൾക്ക് നിരന്തരം വിധേയമാകുന്നുണ്ടെന്ന് ജിൻ ഡ്രെക്സൽ എന്ന സഭാംഗം പറയുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story