Quantcast

ആയുധങ്ങൾ അണിനിരത്തി 'ഞെട്ടിച്ച്' ചൈന; കാഴ്ചക്കാരിൽ കിം ജോങ് ഉന്നും വ്‌ളാദ്മിർ പുടിനും

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ സൈനിക പരേഡിലാണ് പുത്തൻ ആയുധങ്ങളുമായെത്തി ചൈന അമ്പരപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    4 Sept 2025 3:35 PM IST

ആയുധങ്ങൾ അണിനിരത്തി ഞെട്ടിച്ച് ചൈന; കാഴ്ചക്കാരിൽ കിം ജോങ് ഉന്നും വ്‌ളാദ്മിർ പുടിനും
X

ബെയ്ജിങ്: ലേസർ ആയുധങ്ങൾ, ആണവ ബാലിസ്റ്റിക് മീസൈലുകൾ, അന്തർവാഹിനി ഡ്രോണുകൾ, റഡാറുകൾ, മനുഷ്യരഹിത യുദ്ധ വാഹനങ്ങൾ, അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ തുടങ്ങി പുതിയ ആയുധങ്ങളുടെ ഒരു നിരയുമായെത്തി ലോക രാജ്യങ്ങളെ ഞെട്ടിക്കുകയാണ് ചൈന. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തിയ സൈനിക പരേഡിലാണ് പുത്തൻ ആയുധങ്ങളുമായെത്തി ചൈന അമ്പരപ്പിച്ചത്.

ലോകത്തെവിടെയും ആക്രമണം നടത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ആണവ മിസൈലുകളുൾപ്പെടെ പുതുതലമുറ ആയുധങ്ങൾ പ്രദർശിപ്പിച്ചാണ് ചൈന ലോകത്തെ 'ഞെട്ടിച്ചത്'. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഉൾപ്പെടെ 25 ലോക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചൈനയുടെ ആയുധ 'ഷോ'.

വ്യോമവിക്ഷേപണ ശേഷിയുള്ള ആദ്യത്തെ ആണവ മിസൈലായ ജെഎൽ-1, അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന ജെഎൽ-3 എന്നിവ ആദ്യമായാണ് അവതരിപ്പിച്ചത്. ലോകത്ത് ആദ്യത്തെ ഇരട്ട സീറ്റുള്ള സ്റ്റെൽത്ത് ജെറ്റായ ജെ-20എസ്, ജെ-20യുടെ നവീകരിച്ച ഒറ്റ സീറ്റ് പതിപ്പായ ജെ-20എ എന്നിവയുടെയും ആദ്യ പൊതു പ്രദർശനമായിരുന്നു ഇന്നലെ നടന്നത്. നൂതന റഡാർ, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉൾ ക്കൊള്ളുന്ന നാലാം തലമുറ യുദ്ധടാങ്ക് എന്നിവയും പ്രദർശിപ്പിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ സൈനികർക്ക് പകരമായി ഉപയോഗിക്കാവുന്ന റോബട് ചെന്നായ്ക്കളും ശ്രദ്ധേയമായി. 70 മിനിറ്റ് നീണ്ട പ്രദർശനം 80,000 സമാധാനത്തിന്റെ പ്രതീകമായ പ്രാവുകളെ പറത്തിയാണ് അവസാനിപ്പിച്ചത്.

അതേസമയം, ലോകം സമാധാനത്തിനും യുദ്ധത്തിനുമിടയിലുള്ള ഒരു തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവകളും അസ്ഥിരമായ നയങ്ങളും ലോകമെമ്പാടും ചർച്ചയായ സാഹചര്യത്തിലാണ് വിവിധ രാജ്യത്തലവന്മാരുടെ സാന്നിധ്യത്തിൽ ഷിയുടെ പ്രസംഗം.

'ഇന്ന് മാനവരാശി സമാധാനമോ യുദ്ധമോ, സംഭാഷണമോ ഏറ്റുമുട്ടലോ, എല്ലാവർക്കും വിജയമോ അതോ ഒരാൾക്ക് മാത്രമോ എന്ന തെരഞ്ഞെടുപ്പിനെയാണ് അഭിമുഖീകരിക്കുന്നത്' എന്നാണ് ഷി ചിൻപിങ് പറഞ്ഞത്. പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഉൾപ്പെടെയുള്ള നേതാക്കൾ ആഘോഷത്തിൽ പങ്കെടുത്തു.

TAGS :

Next Story