അതിര്‍ത്തികടന്നുള്ള വിവാഹവും ഡേറ്റിങ്ങും വേണ്ട; അവിവാഹിതര്‍ക്ക് മുന്നറിയിപ്പുമായി ചൈന
ചൈനയില്‍ മൂന്ന് കോടിയിലധികംപേര്‍ അവിവാഹിതരായുണ്ടെന്നാണ് കണക്കുകള്‍ ഉള്ളത്

ബെയ്ജിങ്: ചൈനീസ് പൗരന്മാരോട് അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധമായ വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന് ബംഗ്ലാദേശിലെ ചൈനീസ് എംബസി. ചൈനീസ് പൗരന്മാര്‍ക്കാണ് ഞായാറാഴ്ച എംബസി മുന്നറിയിപ്പ് നല്‍കിയത്. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍ വിവാഹ പദ്ധതികളെക്കുറിച്ച് ജാഗ്രത പാലിക്കാനുമാണ് നിര്‍ദ്ദേശം. വിഡിയോ പ്ലാറ്റ്‌ഫോമിലൂടെ ബോര്‍ഡര്‍ കടന്നുള്ള ഡേറ്റിങ്ങും പാടില്ല. ചൈനീസ് നിയമപ്രകാരം നിരോധിച്ച ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കരുതെന്നും എംബസി നിര്‍ദ്ദേശിച്ചു.'വധു'ക്കടത്തുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നിന്നുള്ള യുവതികളെ ചൈനയില്‍ എത്തിക്കുന്നത് വര്‍ധിക്കുന്നുണ്ട്. ഈ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. വിദേശത്ത് നിന്നുള്ള വിവാഹ വാഗ്ദാനങ്ങള്‍ നിരസിക്കുക, ബംഗ്ലാദേശികളെ വിവാഹം കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക, 'വധുവിനെ വാങ്ങുക' എന്ന സമ്പ്രദായം നിരസിക്കുക തുടങ്ങിയ കാര്യങ്ങളാണ് എംബസി മുന്നോട്ട് വെക്കുന്നത്.
നൂറ്റി മുപ്പത് പുരുഷന്മാര്‍ക്ക് നൂറ് സ്ത്രീകള്‍ എന്ന അനുപാതത്തിലാണ് ചൈനയിലെ ലിംഗാനുപാതം. ഒരു കുട്ടിയെന്ന നയവും ആണ്‍മക്കളോടുള്ള മുന്‍ഗണനയും കാരണം ചൈന ലിംഗപരമായ അസന്തുലിതാവസ്ഥ നേരിടുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം മൂന്ന് കോടിയിലധികം പുരുഷന്മാര്‍ അവിവാഹിതരായി ചൈനയിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെല്ലാം പെണ്‍കുട്ടികളെ അന്വേഷിക്കുകയാണ്. വിദേശവനിതകളുടെ ഡിമാന്റ് വര്‍ധിക്കാനുള്ള കാരണമിതാണ്. വിവാഹത്തിന്റെ മറവില്‍ ബംഗ്ലാദേശി യുവതികളെ നിയമവിരുദ്ധമായി ചൈനയില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി ഗുണ്ടാസംഘങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തലുണ്ട്. ചൈനീസ് നിയമം അനുസരിച്ച്, അതിര്‍ത്തി കടന്നുള്ള വിവാഹ ഏജന്‍സികള്‍ക്ക് രാജ്യത്ത് വിലക്കുണ്ട്. ലാഭത്തിന് വേണ്ടി ഇത്തരം ഏജന്‍സികള്‍ വഴി പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളാണ് ചൈന സ്വീകരിക്കുന്നത്. പ്രണയത്തിന്റെയോ വിവാഹത്തിന്റെയോ പേരില്‍ തട്ടിപ്പിന് ഇരയായവര്‍ ഉടന്‍ അധികൃതരെ ബന്ധപ്പെടണമെന്നും ഇവര്‍ അറിച്ചു.
ബംഗ്ലാദേശില്‍ നിന്നും വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ചൈനയില്‍ മനുഷ്യക്കടത്ത് ചുമത്തിയാണ് കേസെടുക്കുക. മനുഷ്യക്കടത്ത് സംഘടിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളുമാണ്. കൂടാതെ മനുഷ്യക്കടത്തിന് പ്രേരിപ്പിക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ബംഗ്ലാദേശി സ്ത്രീകളെ അയല്‍രാജ്യമായ ഇന്ത്യയിലേക്കും നേരത്തെ കടത്തിയിട്ടുണ്ട്. സമാനമായ ശൃംഖലകള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2021-ല്‍ ടിക് ടോക്ക് ഉപയോഗിച്ചും തട്ടിപ്പ് നടന്നിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

