ജോലി വേണോ? ചൈനയിലെ യുവാക്കൾ ഈ 'ജോബ് ഹണ്ട്' ട്രെൻഡിന് പിന്നാലെയാണ്!
പരമ്പരാഗതമായ ജോബ് സൈറ്റുകളിൽ ലക്ഷക്കണക്കിന് അപേക്ഷകർ ഉള്ളതിനാൽ തങ്ങളുടെ പ്രൊഫൈലുകൾ പലപ്പോഴും കമ്പനികളുടെ ശ്രദ്ധയിൽപ്പെടാറില്ലെന്ന് യുവാക്കൾ പരാതിപ്പെടുന്നു

- Updated:
2026-04-19 11:59:06.0

ബെയ്ജിങ്: കഠിനമായ മത്സരപ്പരീക്ഷകളും തൊഴിലില്ലായ്മയും ചൈനീസ് യുവാക്കളെ പുതിയ വഴികൾ തേടാൻ പ്രേരിപ്പിക്കുകയാണ്. തൊഴിലന്വേഷണത്തിനായി ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളെ ഉപേക്ഷിച്ച് ഡേറ്റിങ് ആപ്പുകൾക്ക് പിന്നാലെയാണ് യുവതലമുറ. ടാൻടാൻ, ടിൻഡർ പോലുള്ള ആപ്പുകൾ ഇപ്പോൾ ചൈനയിൽ വെറുമൊരു പ്രണയവേദിയല്ല, മറിച്ച് പ്രൊഫഷണലുകളെയും കമ്പനി മേധാവികളെയും കണ്ടെത്താനുള്ള ഇടമായി മാറിയിരിക്കുകയാണ്.
എന്തുകൊണ്ട് ഡേറ്റിങ് ആപ്പുകൾ?
പരമ്പരാഗതമായ ജോബ് സൈറ്റുകളിൽ ലക്ഷക്കണക്കിന് അപേക്ഷകർ ഉള്ളതിനാൽ തങ്ങളുടെ പ്രൊഫൈലുകൾ പലപ്പോഴും കമ്പനികളുടെ ശ്രദ്ധയിൽപ്പെടാറില്ലെന്ന് യുവാക്കൾ പരാതിപ്പെടുന്നു.വലിയ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരെയും എച്ച്ആർ മാനേജർമാരെയും ഡേറ്റിങ് ആപ്പുകളിൽ എളുപ്പത്തിൽ കണ്ടെത്താം. അവരുമായി നേരിട്ട് ചാറ്റ് ചെയ്യാനും തങ്ങളുടെ സിവി അയച്ചുകൊടുക്കാനും ഇതിലൂടെ സാധിക്കുന്നു.ഔദ്യോഗിക അഭിമുഖങ്ങളിലെ പിരിമുറുക്കമില്ലാതെ, സൗഹൃദപരമായ സംഭാഷണത്തിലൂടെ കരിയർ അവസരങ്ങൾ കണ്ടെത്താൻ കഴിയുന്നു എന്നതാണ് പ്രധാന ആകര്‍ഷണം.
2021ൽ ലിങ്ക്ഡ്ഇൻ ചൈനയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് 2023-ൽ അവർ പുറത്തിറക്കിയ 'ഇൻകരിയര്‍' എന്ന ആപ്പും പൂട്ടിയതോടെ, വിദേശ കമ്പനികളിലും വലിയ സ്ഥാപനങ്ങളിലും ജോലി ആഗ്രഹിക്കുന്നവർക്ക് നെറ്റ്‌വർക്കിങ്ങിന് ഒരു വേദിയില്ലാതായി. ലിങ്ക്ഡ്ഇൻ അഭാവത്തിൽ യുവാക്കൾ ടിൻഡർ, ബംബിൾ തുടങ്ങിയ ആപ്പുകളെ ആശ്രയിച്ചു തുടങ്ങി. പ്രണയത്തിനപ്പുറം ബിസിനസ്സ് ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ചൈനീസ് യുവാക്കൾ ലക്ഷ്യമിടുന്നത്.
സൗഹൃദപരമായ ഇടപെടൽ-ഡേറ്റിങ് ആപ്പുകൾ പ്രിയങ്കരമാകുന്നത് ഇങ്ങനെ
പരമ്പരാഗത നെറ്റ്‌വർക്കിങ് ഇടങ്ങളെ അപേക്ഷിച്ച് ഡേറ്റിങ് ആപ്പുകൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ഇത്തരം ആപ്പുകളിൽ ആളുകൾ കൂടുതൽ മര്യാദയോടും താല്പര്യത്തോടും കൂടി മറുപടി നൽകുന്നുണ്ടെന്ന് പല ഉദ്യോഗാർത്ഥികളും അഭിപ്രായപ്പെടുന്നു.
ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലെ ഔപചാരികമായ സംഭാഷണങ്ങൾ ഒഴിവാക്കി എളുപ്പത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ സഹായിക്കുന്നു. ഒരു എച്ച്ആർ എക്സിക്യൂട്ടീവ് ജോലിക്ക് വേണ്ടി ഡേറ്റിങ് ആപ്പ് ഉപയോഗിച്ചപ്പോൾ ആ ജോലി ലഭിച്ചില്ലെങ്കിലും, അവർ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറി.
ഈ ട്രെൻഡിനെ ബിസിനസ് സാധ്യതയായി കണ്ട് ചൈനയിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ബോസ് സിപിൻ അവസരം കൃത്യമായി ഉപയോഗിച്ചു. കമ്പനികളെക്കുറിച്ച് റിവ്യൂ നൽകുന്ന തങ്ങളുടെ സഹോദരസ്ഥാപനമായ 'കാൻഷുൻ'-നെ 2024-ൽ അവർ ഒരു ഡേറ്റിംഗ് ആപ്പ് രൂപത്തിലേക്ക് മാറ്റി. 'പങ്കാളിയെ കണ്ടെത്തുന്നത് റെസ്യൂമെകൾ പരിശോധിക്കുന്നത് പോലെയാണ്' എന്നതാണ് ഈ ആപ്പിന്‍റെ ടാഗ്‌ലൈൻ.
തൊഴിലന്വേഷണത്തിനായി ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന രീതി ചൈനയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 2025-ൽ റെസ്യൂം ബിൽഡര്‍ നടത്തിയ സർവെ പ്രകാരം ആഗോളതലത്തിൽ മൂന്നിൽ ഒരാൾ വീതം കരിയർ ആവശ്യങ്ങൾക്കായി ടിൻഡർ,ബംബിൾ , ഫേസ്ബുക്ക് ഡേറ്റിങ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. മിക്ക ജോബ് പോർട്ടലുകളിലും എഐ ടൂളുകൾ ഉപയോഗിച്ചാണ് റെസ്യൂമെകൾ പരിശോധിക്കുന്നത്. ഇത് പലപ്പോഴും മിടുക്കരായ ഉദ്യോഗാർഥികളെപ്പോലും തുടക്കത്തിലേ ഒഴിവാക്കാൻ കാരണമാകുന്നു. ഡേറ്റിങ് ആപ്പുകൾ വഴി കമ്പനിക്കുള്ളിലെ ആളുകളുമായി നേരിട്ട് സംസാരിക്കാൻ സാധിക്കുന്നു. ഇത് റെസ്യൂമെകൾ വേഗത്തിൽ ബന്ധപ്പെട്ടവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.
അതേസമയം ബിസിനസ് ആവശ്യങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നത് തങ്ങളുടെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചില പ്ലാറ്റ്‌ഫോമുകൾ വാദിക്കുന്നു.പ്രൊഫഷണൽ ആവശ്യങ്ങൾക്കായി മാത്രം ആപ്പ് ഉപയോഗിക്കുന്നവരെ ചില പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നുണ്ട്.
Adjust Story Font
16
