Quantcast

കാന്‍റീന്‍ ഭക്ഷണം രുചിയില്ല,വീട്ടിലെ ഭക്ഷണം 'മിസ് ' ചെയ്യുന്നെന്ന് മകള്‍; ജോലി രാജിവെച്ച് പാചകം പഠിച്ച് കോളജിന് മുന്നില്‍ തട്ടുകട തുടങ്ങി പിതാവ്

വീട്ടില്‍നിന്ന് 900 കിലോമീറ്റർ സഞ്ചരിച്ചാണ് പിതാവ് മകളുടെ യൂണിവേഴ്സിറ്റിക്ക് സമീപം ഭക്ഷണ ശാല ആരംഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-11-12 02:53:26.0

Published:

12 Nov 2025 8:10 AM IST

കാന്‍റീന്‍ ഭക്ഷണം രുചിയില്ല,വീട്ടിലെ ഭക്ഷണം മിസ്   ചെയ്യുന്നെന്ന് മകള്‍;  ജോലി രാജിവെച്ച് പാചകം പഠിച്ച് കോളജിന് മുന്നില്‍ തട്ടുകട തുടങ്ങി പിതാവ്
X

photo | south china morning post

ബീജിങ്: മക്കളുടെ എന്തെങ്കിലും ഒരു ആഗ്രഹം പറഞ്ഞാല്‍ അത് സാധിച്ചുകൊടുക്കണമെന്ന സിനിമാ ഡയലോഗ് നമ്മളെല്ലാം കേട്ടിട്ടുണ്ട്. സ്വന്തം മക്കളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മാതാപിതാക്കളെയും നാം കണ്ടിട്ടുണ്ട്.ഇപ്പോഴിതാ അമ്മയില്ലാത്ത തന്‍റെ മകളുടെ ചെറിയൊരു പരാതിക്ക് പരിഹരിക്കാന്‍ പിതാവ് ദിവസവും 900 കിലോമീറ്റർ സഞ്ചരിച്ച് തന്‍റെ ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഹൃദയസ്പര്‍ശിയായ കഥയാണ് വടക്കുകിഴക്കന്‍ ചൈനയില്‍ നിന്നും വരുന്നത്.

ജിലിൻ പ്രവിശ്യയിലെ സിപ്പിംഗിലുള്ള ജിലിൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ് ലി ബിംഗ്ഡി. യൂണിവേഴ്സിറ്റിയിലെ കാന്‍റീന്‍ ഭക്ഷണമാണ് കഴിഞ്ഞ ഒരു വര്‍ഷമായി ലി കഴിക്കുന്നത്.എന്നാല്‍ കാന്‍റീന്‍ ഭക്ഷണം വൃത്തിഹീനമാണെന്നും വീട്ടിലെ ഭക്ഷണം വല്ലാതെ മിസ് ചെയ്യുന്നെന്നും ലി തന്‍റെ പിതാവിനോട് പരാതി പറഞ്ഞു. അത് ലിയുടെ പിതാവിനെ ഏറെ വിഷമിപ്പിച്ചു. മകളുടെ പരാതി എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിലായി പിതാവ്. ഒടുവില്‍ ടിയാന്‍ജിനിലുള്ള ബാര്‍ബിക്യു റസ്റ്റോറന്‍റിലെ ജോലി രാജി വെച്ചു.ഫ്രൈഡ് റൈസും നൂഡില്‍സും പാകം ചെയ്യുന്നത് പഠിക്കാനായി തെക്കന്‍ ചൈനയിലേക്ക് പോയി. തുടര്‍ന്ന് മകളുടെ സര്‍വകലാശാലയുടെ ഗേറ്റിന് പുറത്ത് ഒരു സ്റ്റാള്‍ വാടകക്കെടുത്തു.

പടി പടിയായി വിജയത്തിലേക്ക്

ഒക്ടോബർ പകുതിയോടെയാണ് ചെറിയ ഭക്ഷണശാലക്ക് തുടക്കം കുറിച്ചത്. ആദ്യ ദിവസം, ഏഴ് സെറ്റ് ഫ്രൈഡ് റൈസ് മാത്രമേ സ്റ്റാളില്‍ നിന്ന് വിറ്റത്. ദിവസം 900 കിലോമീറ്റര്‍ സഞ്ചരിച്ച് സ്റ്റാള്‍ തുറന്നിട്ടും ചെറിയ ലാഭം മാത്രമാണ് ലഭിച്ചത്.പിതാവിന്‍റെ കഷ്ടപ്പാടുകള്‍ മനസിലാക്കിയ മകള്‍ ട്യൂഷനെടുത്ത് പണം കണ്ടെത്താന്‍ തുടങ്ങി. പിതാവ് തനിക്കായി ചെയ്യുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ലി യൂണിവേഴ്സിറ്റിയുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. വൃത്തിയുള്ള ഭക്ഷണമാണ് ഞങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കച്ചവടം കൂട്ടാന്‍ എല്ലാവരുടെയും സഹകരണം തേടുന്നുവെന്നും ലി കുറിച്ചു. ആ പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായി. ലിയുടെ പിതാവിന്‍റെ സമര്‍പ്പണത്തെ നിരവധി പേര്‍ പ്രശംസിച്ചു.

അടുത്ത ദിവസം തന്നെ, സ്റ്റാളിൽ നീണ്ട ക്യൂകൾ രൂപപ്പെട്ടു, വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും അദ്ദേഹത്തിന്റെ ഭക്ഷണം വാങ്ങാൻ ക്ഷമയോടെ കാത്തിരുന്നു. ചില ഉപഭോക്താക്കളാകട്ടെ ലിയുടെ പിതാവിന്‍റെ കഷ്ടപ്പാടുകള്‍മനസിലാക്കി കൂടുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.

സ്റ്റാളിൽ തിരക്ക് കൂടിക്കൂടി വന്നതോടെ, ലി തന്റെ ഒഴിവു സമയത്തിന്റെ ഭൂരിഭാഗവും പിതാവിനെ സഹായിക്കാൻ ചെലവഴിച്ചു. വലിയ ലാഭമല്ല താന്‍ ആഗ്രഹിക്കുന്നതെന്നും മകളുടെ അടുത്ത് താമസിച്ച് ലളിതമായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് പിതാവ് പറയുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് അമ്മ രക്താർബുദം ബാധിച്ച് മരിച്ചതെന്നും അന്നുമുതല്‍ താനും അച്ഛനും പരസ്പരം ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്നും ലി പറയുന്നു. തുടര്‍ പഠനത്തിനായി എവിടെപോയാലും എന്തിനും കൂടെയുണ്ടാകുമെന്ന് അന്ന് പിതാവ് വാക്ക് നല്‍കിയിരുന്നു.അത് അദ്ദേഹം പാലിച്ചു. എനിക്ക് എന്‍റെ അച്ഛന്‍റെ സ്നേഹം സൂര്യനെപ്പോലെ തിളക്കമുള്ളതാണെന്ന് ലി പറയുന്നു.

TAGS :

Next Story