'ഗസ്സയ്ക്ക് സഹായം നൽകണം'; യുഎൻ ആസ്ഥാനത്തിന് പുറത്ത് ഉപവാസവുമായി അമേരിക്കയിലെ ക്രിസ്ത്യൻ ആക്റ്റിവിസ്റ്റുകൾ
ഇസ്രായേലിലേക്കുള്ള യുഎസ് ആയുധ കൈമാറ്റം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന കൂട്ടക്കുരുതിയിലും ഉപരോധത്തിലും പ്രതിഷേധിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ ആക്റ്റീവിസ്റ്റുകള്‍. ന്യൂയോര്‍ക്ക് നഗരത്തിലെ യുഎന്‍ ആസ്ഥാനത്തിന് പുറത്ത് ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്ത്യന്‍ ആക്റ്റീവിസ്റ്റുകള്‍ 40 ദിവസത്തെ ഉപവാസ സമരം ആരംഭിച്ചു. ഗസ്സയ്ക്ക് മാനുഷിക സഹായം നല്‍കണമെന്നും ഇസ്രായേലിലേക്കുള്ള യുഎസ് ആയുധ കൈമാറ്റം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
യുദ്ധവിരുദ്ധ സംഘടനയായ വെറ്ററന്‍സ് ഫോര്‍ പീസും ക്രിസ്ത്യന്‍ ആക്റ്റീവിസ്റ്റുകളും ചേര്‍ന്നാണ് ഉപവാസം ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം 250 കലോറിയില്‍ താഴെ മാത്രമേ കഴിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പാക്‌സ് ക്രിസ്റ്റി, ഫ്രണ്ട്‌സ് ഓഫ് സബീല്‍ നോര്‍ത്ത് അമേരിക്ക (ഫോസ്‌ന), മെനോനൈറ്റ് ഫലസ്തീന്‍ ഇസ്രായേല്‍ നെറ്റ്വര്‍ക്ക്, പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ ഫലസ്തീന്‍ ജസ്റ്റിസ് നെറ്റ്വര്‍ക്ക് തുടങ്ങിയ സംഘടനകളും ഉപവാസത്തില്‍ പങ്കുചേര്‍ന്നു.
സഹായമെത്തിച്ചില്ലെങ്കില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയന്‍ വിഭാഗം തലവന്‍ ടോം ഫ്ളെച്ചര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗസ്സ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
പരിമിതമായ സഹായട്രക്കുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഗസ്സയില്‍ ഭക്ഷ്യവിതരണത്തിന് ഇനിയും സംവിധാനമായിട്ടില്ല. യുഎസ് കരാര്‍ സ്ഥാപനത്തിന് ചുവടെ ബദല്‍ വിതരണ സംവിധാനം ഉടന്‍ നടപ്പിലാകുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഗസ്സ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമുഖമാണ് ലോകം കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
നൂറോളം സഹായട്രക്കുകള്‍ എത്തിയതായി ഇസ്രായേല്‍ അവകാശപ്പെടുമ്പോഴും പട്ടിണിയില്‍ വലഞ്ഞിരിക്കുകയാണ് ഗസ്സയിലെ ജനത. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു നിര്‍ദേശവും ലഭിച്ചില്ലെന്ന് ലോക ഭക്ഷ്യവകുപ്പ് സാരഥികള്‍ പ്രതികരിച്ചു. അമേരിക്കന്‍ കരാര്‍ സ്ഥാപനത്തിനു കീഴില്‍ ഉടന്‍ വിതരണ സംവിധാനം ഒരുക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. എന്നാല്‍ അനുവദിച്ച സഹായം തികച്ചും അപര്യാപ്തമാണെന്നും ഗസ്സ യുദ്ധത്തിന്റെ ക്രൂരമുഖമാണ് ലോകം ഇപ്പോള്‍ കാണുന്നതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. സഹായ വസ്തുക്കള്‍ നിറച്ച ഒമ്പതിനായിരത്തിലേറെ ട്രക്കുകള്‍ അതിര്‍ത്തിയില്‍ കാത്തുകെട്ടി കിടക്കുമ്പോഴാണ് ഗസ്സയില്‍ വ്യാപക പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദുരവസ്ഥ.
രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം കാരണം നാനൂറോളം പട്ടിണി മരണങ്ങളാണ് ഇതിനകകം ഗസ്സയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ സാധ്യത തള്ളിയ ഇസ്രായേല്‍, ഗസ്സയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുകയാണ്. ഇന്നലെ മാത്രം 66പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

