ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടല്‍; തെക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം
ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ 18 ലെബനാൻ പൗരന്മാർക്ക് ജീവൻ നഷ്ടമായി

ബെയ്റൂത്ത്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിനിടെ തെക്കന്‍ ലെബനാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ആക്രമണത്തില്‍ ഒരു ലെബനാന്‍ പൗരന്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനാനിലെ കഫാര്‍ നെബ്‌നിറ്റിനും അലി അല്‍-തഹാറിനുമിടയിലാണ് ആക്രമണം നടന്നത്. മോട്ടര്‍ വാഹനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി എന്‍എന്‍എയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ ലെബനാനെതിരായ ആക്രമണം ഇസ്രായേല്‍ കടുപ്പിച്ചിരുന്നു.
തുടര്‍ന്നുണ്ടായ സൈനിക നീക്കത്തില്‍ 18 ലെബനാന്‍ പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 33 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനില്‍ ഇടക്കാല കരാര്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഇസ്രായേല്‍ ലെബനാനില്‍ ആക്രമണം ശക്തമാക്കിയത്.
ലെബനാനില്‍ നരകത്തിന്റെ വാതില്‍ തുറക്കാന്‍ ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് സൈനികരോട് ആഹ്വാനം ചെയ്തു. ലെബനാന്‍ മുഴുവനായും കത്തണമെന്നാണ് ഇസ്രായേല്‍ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ നിര്‍ദേശം. ലെബനാനിലെ ആക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.
ലെബനാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണമെന്ന് ഇറാനും ഹിസ്ബുല്ലയും ഒരേപോലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെക്കന്‍ ലെബനാനിലെ പ്രവര്‍ത്തനമേഖലകള്‍ സൂചിപ്പിക്കുന്ന ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേലിന്റെ വാദം.
ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കിടെ ലെബനാനിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തെക്കന്‍ ലെബനാനിലെ ദാഹിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്തു. ഇവരിൽ ഭൂരിഭാഗം ആളുകളും തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തുന്നത്.
Adjust Story Font
16

