Quantcast

വിദേശങ്ങളിലും വിമതശബ്​ദങ്ങളെ അടിച്ചമർത്തി ഭരണകൂടങ്ങൾ; മുന്നിൽ ചൈന

അടിച്ചമർത്തൽ നേരിടുന്നവരിൽ 64 ശതമാനവും മുസ്​ലിംകളാണെന്ന് കണക്കുകൾ

MediaOne Logo

Web Desk

  • Updated:

    2025-02-12 10:13:31.0

Published:

12 Feb 2025 3:02 PM IST

വിദേശങ്ങളിലും വിമതശബ്​ദങ്ങളെ അടിച്ചമർത്തി ഭരണകൂടങ്ങൾ; മുന്നിൽ ചൈന
X

ലണ്ടൻ: കഴിഞ്ഞ 10 വർഷത്തിനിടെ ലോകത്തെ നാലിലൊന്ന്​ രാജ്യങ്ങളും വിദേശത്തെ വിമതശബ്​ദങ്ങളെ വിവിധ രീതിയിൽ അടിച്ചമർത്തിയതായി പഠനം. വിയോജിപ്പുകളെ നിശ്ശബ്ദമാക്കാൻ വിദേശത്തുള്ള രാഷ്ട്രീയ പ്രവാസികളെ ലക്ഷ്യം വച്ചുള്ള ആക്രമണം കൂടുകയാണെന്നും വാഷിങ്​ടൺ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ ഫ്രീഡം ഹൗസിന്‍റെ പഠനം പറയുന്നു. 2014 മുതൽ 2024 വരെ 103 രാജ്യങ്ങളിലായി 48 സർക്കാരുകൾ നടത്തിയ 1219 സംഭവങ്ങളാണ്​ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്​.

അടിച്ചമർത്തലിൽ മുന്നിൽ നിൽക്കുന്നത്​ ചൈനയാണ്​. 272 സംഭവങ്ങളാണുണ്ടായത്​. അതായത് രേഖപ്പെടുത്തിയ കേസുകളിൽ 22 ശതമാനത്തിനും ഉത്തരവാദി ചൈനയാണ്. റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും പട്ടികയുടെ ആദ്യത്തിൽ ഇടം നേടിയിട്ടുണ്ട്. ഗവേഷണ കാലയളവിനുള്ളിൽ 47 കേസുകൾ രജിസ്റ്റർ ചെയ്ത ഇറാനും ആദ്യ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.

റഷ്യൻ വിമതനായ അലക്സാണ്ടർ ലിറ്റ്വിനെങ്കോയ്ക്ക് നേരെയുണ്ടായ റേഡിയേഷൻ വിഷബാധ ഉൾപ്പെടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുകെയിലെ തന്റെ ശത്രുക്കളെ പലതവണ ലക്ഷ്യം വച്ചിട്ടുണ്ട്. ബ്രിട്ടീഷ് മണ്ണിൽ ഒരു ഡസനിലധികം റഷ്യക്കാരുടെ സംശയാസ്പദ മരണങ്ങളാണുണ്ടായിട്ടുള്ളത്​.

അഭയാർത്ഥികൾ, വിമതർ, പ്രവാസത്തിൽ കഴിയുന്ന സാധാരണ പൗരന്മാർ എന്നിവരെ ലക്ഷ്യം വച്ചുള്ള ഭരണകൂടത്തിന്റെ വേട്ടയാടലാണ്​ രാജ്യാന്തര അടിച്ചമർത്തലായി കണക്കാക്കുന്നത്​​. വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ ഇലക്ട്രോണിക് നിരീക്ഷണം, ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ, കുടുംബാംഗങ്ങൾക്കെതിരായ ഭീഷണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

അടിച്ചമർത്തൽ നേരിടുന്നവരിൽ 64 ശതമാനവും മുസ്​ലിംകളാണ്​. വടക്കുപടിഞ്ഞാറൻ ചൈനയിൽനിന്നുള്ള മുസ്​ലിം വംശീയ വിഭാഗമായ ഉയ്ഗൂറുകൾ മനുഷ്യരാശിക്കെതിരായ വലിയ കുറ്റകൃത്യങ്ങൾക്കാണ്​ ഇരയാകുന്നത്​. ചൈനീസ് ഭരണകൂടത്തിന്‍റെ നിരന്തരമായ നിരീക്ഷണം, ഭീഷണി, പൊലീസിങ്​ എന്നിവക്കെല്ലാം ഇവർ വിധേയരാകുന്നുവെന്ന് ഗവേഷണം പറയുന്നു. യുകെ ഉൾപ്പെടെ വിദേശത്ത് താമസിക്കുന്ന ചൈനീസ് വിദ്യാർഥികളെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്​.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എതിരാളികളെ നിരീക്ഷിക്കാനും അടിച്ചമർത്താനും ലോകമെമ്പാടും രഹസ്യ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതായി ചൈനയ്‌ക്കെതിരെ ആരോപണമുണ്ട്​. 2023ൽ ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ ചൈനീസ് പൊലീസ് സ്റ്റേഷൻ യുഎസ് അധികൃതർ കണ്ടെത്തുകയുണ്ടായി.

അടിച്ചമർത്തൽ കൂടുതൽ നേരിടുന്ന മറ്റൊരു വിഭാഗമാണ്​ മാധ്യമപ്രവർത്തകർ. 2014 മുതൽ കുറഞ്ഞത് 26 സർക്കാരുകളെങ്കിലും നാടുകടത്തപ്പെട്ട പത്രപ്രവർത്തകർക്കെതിരെ 124 രാജ്യാന്തര അടിച്ചമർത്തൽ സംഭവങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്​. ആഗോളതലത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ വളർന്നുവരുന്ന ഭീഷണിയെയാണ്​ ഇത്​ ഉയർത്തിക്കാട്ടുന്നത്​.

പൊതുജനങ്ങൾക്ക് ലഭ്യമായതും ബാഹ്യമായി സ്ഥിരീകരിക്കാൻ കഴിയുന്നതുമായ വിവരങ്ങൾ ഉപയോഗിച്ചാണ് ഫ്രീഡം ഹൗസ് കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്​. അതേസമയം, ഇരകൾ ഭയപ്പെടുന്നതിനാൽ ധാരാളം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story