എട്ട് ബോട്ടുകള്‍ കൊണ്ട് വളഞ്ഞു, റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകൾ തൊടുത്തു; യമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ ആക്രമണം
കപ്പലിലെ സായുധ സുരക്ഷാ സേന തിരിച്ച് വെടിയുതിർത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

സനാ: യമന്‍ തീരത്ത് ചെങ്കടലില്‍ ചരക്കുകപ്പലിന് നേരേ ആയുധധാരികളുടെ ആക്രമണം. യമനിലെ ഹൊദെയ്ദ തുറമുഖത്തുനിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ രാത്രിയായിരുന്നു സംഭവം. എട്ട് ബോട്ടുകളിലായെത്തിയ സംഘമാണ് ആസൂത്രിത ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
കപ്പലിലെ സായുധ സുരക്ഷാ സേനയും തിരിച്ച് വെടിയുതിർത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് യുകെഎംടിഒ അറിയിച്ചു.
എട്ട് ചെറിയ ബോട്ടുകളിലായാണ് അക്രമിസംഘം കപ്പല്‍ വളഞ്ഞതെന്നാണ് വിവരം. കപ്പലിന് നേരേ വെടിയുതിര്‍ത്തതിന് പുറമേ റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും പ്രയോഗിച്ചു. ചെങ്കടലില്‍ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ബോട്ടുകള്‍ കപ്പലിനെ വളഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ട് ഡ്രോണ്‍ ബോട്ടുകള്‍ കപ്പലിലേക്ക് ഇടിച്ചുകയറ്റിതായും മറ്റ് രണ്ടുബോട്ടുകള്‍ കപ്പലിലെ സുരക്ഷാവിഭാഗം തകര്‍ത്തതായുമാണ് വിവരം.
Adjust Story Font
16

