Quantcast

പുതിയ ഇസ്രായേൽ അംബാസഡർക്ക് അനുമതി നിഷേധിച്ച് ക്രൊയേഷ്യ

ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയും സൈനിക അധിനിവേശത്തിനെതിരെയും നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് സോറാൻ മിലാനോവിച്ച്.

MediaOne Logo
പുതിയ ഇസ്രായേൽ അംബാസഡർക്ക് അനുമതി നിഷേധിച്ച് ക്രൊയേഷ്യ
X

സോറാൻ മിലാനോവിച്ച്  Photo-AP

സാഗ്രെബ്: ക്രൊയേഷ്യയിലെ പുതിയ ഇസ്രായേൽ അംബാസഡറുടെ നിയമനത്തിന് അനുമതി നിഷേധിച്ച് ക്രൊയേഷ്യന്‍ പ്രസിഡന്റ് സോറാൻ മിലാനോവിച്ച്. ഇസ്രായേൽ നിർദേശിച്ച പുതിയ അംബാസഡർക്ക് ക്രൊയേഷ്യൻ പ്രസിഡന്റിന്റെ ഓഫിസ് അനുമതി നൽകിയിട്ടില്ലെന്നും, ഇനി നൽകില്ലെന്നും പ്രസിഡന്റിന്റെ വക്താവ് തിങ്കളാഴ്ച വ്യക്തമാക്കി. ഇസ്രായേൽ ഭരണകൂടം നിലവിൽ പിന്തുടരുന്ന നയങ്ങളോടുള്ള വിയോജിപ്പാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പ്രസ്താവനയിൽ പറയുന്നു

ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയും സൈനിക അധിനിവേശത്തിനെതിരെയും നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് സോറാൻ മിലാനോവിച്ച്. ഒരു രാജ്യത്തിന്റെ അംബാസഡറെ അംഗീകരിക്കുന്നതും നിരസിക്കുന്നതും ക്രൊയേഷ്യയുടെ പരമാധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് ഓർമ്മിപ്പിച്ചു. ഔദ്യോഗികമായി അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ അംബാസഡറുടെ പേര് പരസ്യമാക്കിയ ഇസ്രായേലിന്റെ നടപടി നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്നും ക്രൊയേഷ്യ കുറ്റപ്പെടുത്തി

അതേസമയം, സാഗ്രെബിലെ തങ്ങളുടെ അടുത്ത അംബാസഡറുടെ പദവിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ക്രൊയേഷ്യൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ഇസ്രായേൽ നിയോഗിച്ച പുതിയ പ്രതിനിധി നിസാൻ അംദൂർ ഈ മാസം അവസാനം ക്രൊയേഷ്യയിൽ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഗസ്സയിലെയും പശ്ചിമേഷ്യയിലേയും ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുകാലമായി വഷളായ നിലയിലായിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ കാറ്റിൽപ്പറത്തിയുള്ള ഇസ്രായേൽ സൈന്യത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച്, അവരുമായി യാതൊരുവിധ സഹകരണത്തിനും ക്രൊയേഷ്യൻ സായുധ സേന തയ്യാറാവില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ മിലാനോവിച്ച് പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, ഇറാനെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന യുദ്ധനീക്കങ്ങളെ അപലപിച്ച അദ്ദേഹം, തെഹ്റാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ആഗോളതലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധിക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story