Quantcast

വീണ്ടും വൈദ്യുതി മുടങ്ങി; പൂർണ്ണമായും ഇരുട്ടിലായി ക്യൂബ

യുഎസ് ചുമത്തിയ ശക്തമായ ഉപരോധങ്ങൾ കാരണം വന്‍ പ്രതിസന്ധിയിലാണ് ക്യൂബ

MediaOne Logo

Web Desk

  • Published:

    3 Aug 2026 2:38 PM IST

വീണ്ടും വൈദ്യുതി മുടങ്ങി; പൂർണ്ണമായും ഇരുട്ടിലായി ക്യൂബ
X

ഹവാന: കരീബിയൻ രാജ്യമായ ക്യൂബയിൽ വീണ്ടും വൈദ്യുതി മുടക്കം. കഴിഞ്ഞ ദിവസം രാജ്യത്ത് പൂര്‍ണമായും വൈദ്യുതി മുടങ്ങി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുത കമ്പനിയായ 'യൂണിയൻ ഇലക്ട്രിക്ക' (യുഎന്‍ഇ) എക്സിലൂടെ വാർത്ത സ്ഥിരീകരിച്ചെങ്കിലും തകരാറിന്റെ കൃത്യമായ കാരണവും വൈദ്യുതി എന്ന് പുനഃസ്ഥാപിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

ശനിയാഴ്ച ക്യൂബയുടെ പടിഞ്ഞാറൻ പ്രവിശ്യകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് രാജ്യത്തെയാകെ ഇരുട്ടിലാക്കിക്കൊണ്ട് ദേശീയ ഇലക്ട്രിക് സിസ്റ്റം പൂർണ്ണമായും പ്രവർത്തനരഹിതമായത്. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള മേഖലകളിൽ ട്രാൻസ്ഫോർമർ തകരാറുകൾ, ലോഡ് ഷെഡിംഗ് എന്നിവ രൂക്ഷമായിരുന്നു.

ക്യൂബയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നതിൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയ അമേരിക്കൻ നയങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ക്യൂബൻ സർക്കാർ ആരോപിക്കുന്നുണ്ട്. ക്യൂബയ്ക്ക് പ്രധാനമായും ഇന്ധനം നൽകിയിരുന്ന വെനിസ്വേലയിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതും, മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതും പ്രതിസന്ധി ഇരട്ടിയാക്കി. എന്നാൽ പതിറ്റാണ്ടുകളായുള്ള ഭരണപരമായ വീഴ്ചകളും ഊർജ്ജ മേഖലയിലെ നിക്ഷേപക്കുറവുമാണ് പ്രധാന കാരണമെന്ന് ഒരു വിഭാഗം വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ വർഷം ക്യൂബയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തുടർച്ചയായ വൻ വൈദ്യുതി തടസ്സങ്ങളിൽ ഒടുവിലത്തേതാണ് ഞായറാഴ്ച വൈകുന്നേരത്തെ മുടക്കം. ജൂലൈ മാസത്തിൽ മാത്രം 9 ദിവസത്തിനിടെ മൂന്ന് തവണയാണ് വൈദ്യുതി ഗ്രിഡ് പൂർണ്ണമായി നിലച്ചത്. ഇതിലൊന്ന് ഏകദേശം ഒരുകോടിയോളം ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. 2024 ഒക്ടോബർ മുതൽ ക്യൂബയിൽ വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകൾ, ശക്തമായ ചുഴലിക്കാറ്റുകൾ, ഇന്ധനക്ഷാമം എന്നിവ കാരണം തുടർച്ചയായി രാജ്യവ്യാപകമായ വൈദ്യുതി മുടക്കം ഉണ്ടാകുന്നുണ്ട്. ഗതാഗതം, കുടിവെള്ള വിതരണം, ആരോഗ്യം തുടങ്ങി പ്രധാനപ്പെട്ട മേഖലകളെ വൈദ്യുതി തടസ്സം സാരമായി ബാധിച്ചിട്ടുണ്ട്.

TAGS :

Next Story