Quantcast

ഇന്ധന പ്രതിസന്ധി അതിരൂക്ഷം; ക്യൂബ വീണ്ടും സമ്പൂർണ ഇരുട്ടിൽ

കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയിൽ രാജ്യം മുഴുവൻ ഇരുട്ടിലായിരുന്നു

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-22 12:14:45.0

Published:

22 March 2026 5:43 PM IST

ഇന്ധന പ്രതിസന്ധി അതിരൂക്ഷം; ക്യൂബ വീണ്ടും സമ്പൂർണ ഇരുട്ടിൽ
X

ഹവാന: പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ ക്യൂബയിലുടനീളം വീണ്ടും സമ്പൂര്‍ണ വൈദ്യുതി തടസ്സം നേരിട്ടു. ഇതോടെ രാജ്യത്തെ ഒരു കോടിയിലധികം ജനങ്ങള്‍ ഇരുട്ടിലായി. നിലവില്‍ വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്യൂബന്‍ ഊര്‍ജ്ജമന്ത്രാലയം.

വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പുറമെ, പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധഭീതി കൂടിയാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയില്‍ രാജ്യം മുഴുവന്‍ ഇരുട്ടിലായിരുന്നു. ക്യൂബയ്‌ക്കെതിരെ അമേരിക്കന്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ പറഞ്ഞു. ക്യൂബന്‍ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അമേരിക്ക നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ക്യൂബയിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനം ഇറക്കുന്നത് ക്യൂബ തടഞ്ഞു.

വൈദ്യുതി തടസ്സം നേരിട്ടതിന് പിന്നാലെ തലസ്ഥാന നഗരിയായ ഹവാന അടക്കം കനത്ത ഇരുട്ടിലാണുള്ളത്. മൊബൈല്‍ ഫോണിലെ ഫ്‌ളാഷ് ലൈറ്റും ടോര്‍ച്ചും ഉപയോഗിച്ചാണ് ആളുകള്‍ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ചില റസ്റ്റോറന്റുകളെങ്കിലും പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ജനസംഖ്യയുടെ സിംഹഭാഗവും പ്രയാസത്തിലാണുള്ളത്.

'കാര്യങ്ങള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ എങ്ങനെയാണ് ഞങ്ങള്‍ ജീവിക്കുക? ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് അതിജീവിക്കാനാകുക?'. ക്യൂബക്കാരനായ 36-കാരന്‍ ടാക്‌സി ഡ്രൈവര്‍ നിലോ ലോപ്പസ് പ്രതികരിച്ചു.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഭക്ഷ്യവില വര്‍ധനവും ക്യൂബയിലെ ജനങ്ങളെ തെരുവിലിറക്കിയിരിക്കുകയാണ്. ഇന്ധനത്തിനായി ഇറക്കുമതിയെയാണ് പ്രധാനമായും ക്യൂബ ആശ്രയിക്കുന്നത്. രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ പകുതിയോളം (പ്രതിദിനം ഏകദേശം 35,000 ബാരല്‍ എണ്ണ) വെനസ്വേലയില്‍ നിന്നായിരുന്നു. എന്നാല്‍, പ്രസിഡന്‍റ് മഡുറോയെ യുഎസ് തടവിലാക്കിയതോടെ എണ്ണ വരവ് നിലച്ചിരിക്കുകയാണ്. ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ കനത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാനിലെ സംഘര്‍ഷത്തിന് പിന്നാലെ ക്യൂബയിലേക്ക് തിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

TAGS :

Next Story