റഷ്യൻ-ഇറാനിയൻ ഡ്രോണുകളുമായി ക്യൂബ; തങ്ങളെ തൊട്ടാൽ വൻ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് അമേരിക്കയ്ക്ക് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
ക്യൂബയുടെ പക്കൽ ഇറാനും റഷ്യയും നൽകിയ വലിയ തോതിലുള്ള അത്യാധുനിക ഡ്രോൺ ശേഖരമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

- Published:
19 May 2026 1:18 PM IST

ഹവാന: ക്യൂബയ്ക്ക് മേൽ അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക അധിനിവേശത്തിന് മുതിർന്നാൽ അത് കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള വൻ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ. ക്യൂബയുടെ പക്കൽ ഇറാനും റഷ്യയും നൽകിയ വലിയ തോതിലുള്ള അത്യാധുനിക ഡ്രോൺ ശേഖരമുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ അരികിലെത്തിനിൽക്കുന്നത്. ഡ്രോൺ വിവാദത്തെത്തുടർന്ന് ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിക്കും നിരവധി മന്ത്രിമാർക്കുമെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമായി ഏകദേശം മുന്നൂറിലധികം അറ്റാക്ക് ഡ്രോണുകൾ ക്യൂബ ഇതിനകം സ്വന്തമാക്കിയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ തീരത്ത് നിന്നും വെറും 90 മൈൽ മാത്രം അകലെയുള്ള ക്യൂബയിലേക്ക് ഇത്തരത്തിൽ മാരകായുധങ്ങൾ എത്തിയത് യുഎസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ക്യൂബയിലുള്ള അമേരിക്കൻ നാവിക താവളമായ ഗ്വാണ്ടനാമോ ബേ, അമേരിക്കൻ സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് വരെയുള്ള പ്രദേശങ്ങൾ എന്നിവ ആക്രമിക്കാൻ ക്യൂബ പദ്ധതിയിടുന്നതായി യുഎസ് ആരോപിക്കുന്നു. കൂടാതെ, ഇറാനിയൻ സൈനിക ഉപദേശകർ ഹവാനയിലെത്തി ക്യൂബൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും യുഎസ് വിശ്വസിക്കുന്നു.
ക്യൂബ ആർക്കും ഭീഷണിയല്ലെന്നും മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ വ്യക്തമാക്കി. എന്നാൽ ഡ്രോൺ ശേഖരത്തെക്കുറിച്ചുള്ള വാർത്തകൾ പൂർണമായി തള്ളിക്കളയാൻ അദ്ദേഹം തയ്യാറായില്ല. ഭീഷണികളെ നേരിടാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും ക്യൂബയ്ക്ക് പരമാധികാരമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾ പ്രാദേശിക സമാധാനം തകർക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1960കളിൽ അമേരിക്ക നടത്തിയ അധിനിവേശശ്രമത്തെ പ്രതിരോധിച്ച് പരാജയപ്പെടുത്തിയ ചരിത്രം ഓർമിപ്പിച്ചുകൊണ്ട് ക്യൂബൻ യുഎൻ അംബാസഡർ ഏണസ്റ്റോ സോബെറോൺ ഗുസ്മാനും രംഗത്തെത്തി. അമേരിക്കൻ ആക്രമണമുണ്ടായാൽ ജനങ്ങൾ ഒന്നിച്ച് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാനും വ്യോമാക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷ നേടാനും ക്യൂബൻ സർക്കാർ ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഡ്രോൺ വിവാദത്തിന് പിന്നാലെ ക്യൂബയ്ക്ക് മേൽ ശക്തമായ നടപടികളാണ് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് സ്വീകരിച്ചിരിക്കുന്നത്. ക്യൂബയുടെ പ്രധാന ഇന്റലിജൻസ് വിഭാഗത്തിനും വാർത്താവിനിമയം, ഊർജം, നിയമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ ഉൾപ്പെടെ ഒൻപത് ഉന്നത ഉദ്യോഗസ്ഥർക്കും സൈനിക ജനറൽമാർക്കും എതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനുപുറമെ, 1996ൽ അമേരിക്കൻ അനുകൂല സംഘടനയുടെ വിമാനങ്ങൾ വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ മുൻ വിപ്ലവ നായകനും പ്രെസിഡന്റുമായ 94കാരനായ റൗൾ കാസ്ട്രോയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും ട്രംപ് ഭരണകൂടം നീക്കങ്ങൾ നടത്തുന്നുണ്ട്.
വെനസ്വേലയ്ക്കും ഇറാനും പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ യുദ്ധഭീതി ശക്തമായത്. ഈ വർഷം ജനുവരി മുതൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധം കാരണം ക്യൂബ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക-ഊർജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം മുഴുവൻ മണിക്കൂറുകളോളം ഇരുട്ടിലാകുന്ന സാഹചര്യത്തിൽ, അമേരിക്കൻ സമ്മർദ്ദം ക്യൂബയെ കൂടുതൽ അപകടകരമായ നിലപാടുകളിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Adjust Story Font
16
