Quantcast

ദാനിഷ് സിദ്ദീഖി വധം: താലിബാനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകളുമായി കുടുംബം രാജ്യാന്തര കോടതിയിൽ

കഴിഞ്ഞ ദിവസമാണ് ദാനിഷിന്റെ മക്കൾ ന്യൂയോർക്കിലെത്തി പിതാവിനു ലഭിച്ച പുലിറ്റ്‌സർ പുരസ്‌കാരം ഏറ്റുവാങ്ങിയത്

MediaOne Logo

Web Desk

  • Published:

    24 Oct 2022 4:48 PM GMT

ദാനിഷ് സിദ്ദീഖി വധം: താലിബാനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകളുമായി കുടുംബം രാജ്യാന്തര കോടതിയിൽ
X

ഹേഗ്: അഫ്ഗാനിസ്താനിലെ യുദ്ധമുഖത്ത് കൊല്ലപ്പെട്ട വിഖ്യാത ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുടെ കുടുംബം താലിബാനെതിരെ നിയമപോരാട്ടത്തിന്. രാജ്യാന്തര ക്രിമിനൽ കോടതി(ഐ.സി.സി)യിലാണ് ദാനിഷിന്റെ മാതാപിതാക്കളായ ഡോ. അക്തർ സിദ്ദീഖിയും ഷാഹിദ അക്തറും കൂടുതൽ തെളിവുകൾ സമർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട കുടുംബം കുറ്റവാളികളെ നിയമത്തിനു മുന്നിൽകൊണ്ടുവരണമെന്നും കോടതിയിൽ വ്യക്തമാക്കി.

അഫ്ഗാനിസ്താനിൽനിന്നുള്ള നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം പകർത്തുന്നതിനിടെ 2021 ജൂലൈ 16നാണ് ദാനിഷ് ദാരുണമായി കൊല്ലപ്പെടുന്നത്. സംഭവത്തിൽ നീതി തേടി 2022 മാർച്ച് 22നാണ് ദാനിഷിന്റെ കുടുംബം രാജ്യാന്തര കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ താലിബാനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കൂടുതൽ തെളിവുകളാണ് ഇപ്പോൾ കുടുംബം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സത്യവാങ്മൂലങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട മെഡിക്കൽ സംഘത്തിന്റെ വിദഗ്ധാഭിപ്രായം, താലിബാൻ അംഗങ്ങൾക്കിടയിൽ നടന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ പകർപ്പുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

അഫ്ഗാനിലെ സ്പിൻ ബോൾഡാക്കിൽ നാറ്റോ പിന്മാറ്റം റിപ്പോർട്ട് ചെയ്യാനായി സർക്കാർ സൈന്യത്തിന്റെ വാഹനത്തിലായിരുന്നു ദാനിഷ് സഞ്ചരിച്ചിരുന്നത്. ഇതിനിടയിലാണ് വ്യോമാക്രമണത്തിൽ പരിക്കേൽക്കുന്നത്. സംഭവത്തെ തുടർന്ന് അടിയന്തര പരിചരണത്തിനായി തൊട്ടടുത്തുള്ള പള്ളിയിൽ എത്തിച്ചു. ഈ സമയത്ത് താലിബാൻ പള്ളി ആക്രമിക്കുകയും ദാനിഷിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുകയും ചെയ്‌തെന്നാണ് ആ സമയത്ത് ഉയർന്നിരുന്ന ആരോപണം.

താലിബാൻ പീഡനത്തിനിരയായാണ് ദാനിഷ് മരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. താലിബാന്റെ റെഡ് യൂനിറ്റാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിനുശേഷം ദാനിഷിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തു. ശരീരത്തിൽ മർദനമേറ്റതിന്റെ മുറിവുകളും ബുള്ളറ്റുകൾ ശരീരത്തിലൂടെ തുളച്ചുപോയതിന്റെ 12-ഓളം പാടുകളും ഉണ്ടായിരുന്നുവെന്നെല്ലാം റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് താലിബാൻ നിഷേധിച്ചിട്ടുണ്ട്. ആരുടെ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്നായിരുന്നു താലിബാൻ വക്താവിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് ദാനിഷിന്റെ മക്കൾ ഇത്തവണത്തെ പുലിറ്റ്‌സർ പുരസ്‌കാരം സ്വീകരിച്ചത്. നാലു വയസുള്ള സാറാ സിദ്ദീഖിയും ആറു വയസുകാരനായ യൂനുസ് സിദ്ദീഖിയും ചേർന്നാണ് ന്യൂയോർക്കിലെ മാൻഹാട്ടനിൽ നടന്ന ചടങ്ങിൽ പിതാവിനു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ദാനിഷിന്റെ മരണത്തിനു പിന്നാലെയാണ് അദ്ദേഹം ഉൾപ്പെടുന്ന റോയിട്ടേഴ്സ് സംഘത്തിന് പുലിറ്റ്സർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇന്ത്യയിൽ കോവിഡ് മഹാമാരി വിതച്ച ദുരിതചിത്രം ലോകത്തിനു കാണിച്ചുകൊടുത്ത നടുക്കുന്ന ചിത്രങ്ങൾക്കായിരുന്നു പുരസ്‌കാരം. ദാനിഷിന്റെ രണ്ടാമത്തെ പുലിറ്റ്സർ പുരസ്‌കാരം കൂടിയാണിത്. റോഹിംഗ്യ അഭയാർത്ഥി പ്രതിസന്ധിയുടെ ദൈന്യത ഒപ്പിയെടുത്ത, ലോകമനഃസാക്ഷിയെ ഞെട്ടിച്ച ചിത്രങ്ങൾക്ക് 2018ലാണ് പുലിറ്റ്സർ ദാനിഷിനെ തേടിയെത്തുന്നത്.

Summary: Danish Siddiqui's parents file new evidence against Taliban at ICC

TAGS :

Next Story