ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചോ?; വസ്തുത അറിയാം
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നലെ ആക്രമണം നടത്തിയത്

ന്യൂഡല്‍ഹി: ഇന്നലെ ഇറാന് നേരെയുണ്ടായ യുഎസ് ആക്രമണത്തിന് (ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍) പിന്നാലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഉയര്‍ന്നു വന്ന ഏറ്റവും വലിയ ആരോപണങ്ങളിലൊന്നായിരുന്നു ആക്രമണത്തിനായി അമേരിക്ക ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചെന്നത്. എന്നാല്‍ പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചാണ് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങളടക്കം ഇറാനിലേക്ക് വിന്യസിച്ചത് എന്നായിരുന്നു എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെയാണ് യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചതെന്നും പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചു.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍ ജനറല്‍ ഡാന്‍ കെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് വിമാനങ്ങള്‍ ഉപയോഗിച്ച റൂട്ട് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഫോര്‍ദോ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നലെ ആക്രമണം നടത്തിയത്. ഫോര്‍ദോക്ക് പുറമെ നതന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബ് വര്‍ഷിച്ചത്. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചിരുന്നു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16

