Quantcast

'ആളുകള്‍ക്ക് താല്‍പര്യമുള്ള കാര്യമല്ലേ'; അന്യഗ്രഹ ജീവികളും പറക്കുംതളികകളും സംബന്ധിച്ച് എല്ലാ രഹസ്യരേഖകളും പുറത്തുവിടുമെന്ന് ട്രംപ്

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡൻ്റ് ബരാക് ഒബാമ ഈയിടെ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ വാക്കുകള്‍

MediaOne Logo
Directing govt agencies to release files on UFOs Trump
X

വാഷിങ്ടണ്‍ ഡിസി: അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ച് അമേരിക്കന്‍ ഏജന്‍സികളുടെ കൈവശമുള്ള എല്ലാ രേഖകളും പുറത്തുവിടാന്‍ ഉത്തരവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആളുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വലിയ താല്‍പര്യമാണെന്നും ഇതുസംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നിര്‍ദേശം നല്‍കുമെന്നും ട്രംപ് പറഞ്ഞു. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈയിടെ നടത്തിയ പ്രസ്താവനകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകള്‍.

'അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അന്യഗ്രഹ ജീവികള്‍, പറക്കുംതളികകള്‍ (യുഎഫ്ഒ), തിരിച്ചറിയാത്ത ആകാശ പ്രതിഭാസങ്ങള്‍ (യുഎപി) എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ വളരെ സങ്കീര്‍ണമാണ്. എന്നാല്‍ രസകരവുമാണ്. ആളുകള്‍ക്കുള്ള അസാധാരണമായ താല്‍പ്പര്യം കണക്കിലെടുത്ത് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ യുദ്ധകാര്യ വകുപ്പ് സെക്രട്ടറി, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയോട് നിര്‍ദേശിക്കുകയാണ്' -ട്രംപ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് അന്യഗ്രഹജീവികളുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും എന്നാല്‍, താന്‍ അവയെ നേരില്‍ കണ്ടിട്ടില്ലെന്നും ഒബാമ പറഞ്ഞത്. പ്രപഞ്ചം വളരെ വിശാലമായതിനാല്‍ ഭൂമിക്കുപുറത്ത് ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, സൗരയൂഥങ്ങള്‍ക്കിടയിലുള്ള ദൂരം വലുതായതിനാല്‍ അവര്‍ നമ്മെ സന്ദര്‍ശിച്ചിരിക്കാനുള്ള സാധ്യത കുറവാണ് -ഒബാമ പറഞ്ഞു. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ യുഎസിന്റെ കൈവശമുണ്ടെന്ന അഭ്യൂഹങ്ങള്‍ പണ്ടുമുതല്‍ക്കേയുണ്ട്. ഒബാമയുടെ വാക്കുകള്‍ വന്നതോടെ ഇത്തരം വാദങ്ങള്‍ക്ക് ശക്തിയേറുകയും ചെയ്തു.

എന്നാല്‍, പ്രസ്താവന സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ ഒബാമ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. അന്യഗ്രഹ ജീവികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍, അവര്‍ ഭൂമിയിലെത്തുകയോ മനുഷ്യരാശിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും ഒബാമ പറഞ്ഞിരുന്നു.

പറക്കുംതളികകളെ കുറിച്ചും തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളെ കുറിച്ചും പതിറ്റാണ്ടുകളായി യുഎസ് സൈന്യം പഠനം നടത്തുന്നുണ്ട്. പല കാര്യങ്ങളും സൈന്യം മറച്ചുവെക്കുകയാണെന്ന് എയര്‍ ഫോഴ്‌സ് മുന്‍ ഇന്റലിജന്‍സ് ഓഫിസറായിരുന്ന റിട്ട. മേജര്‍ ഡേവിഡ് ഗ്രഷ് 2023ല്‍ വെളിപ്പെടുത്തിയിരുന്നു. പറക്കുംതളികകളെ കുറിച്ച് യുഎസ് കോണ്‍ഗ്രസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പറക്കുംതളികയുടെ അവശിഷ്ടങ്ങള്‍ യുഎസിന് ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നും മനുഷ്യന്റേതല്ലാത്ത ജൈവാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഡേവിഡ് ഗ്രഷ് പറഞ്ഞത്.

പറക്കുംതളികയെ കുറിച്ചുള്ള നിഗൂഢതകളുടെ ചുരുളഴിക്കാന്‍ അമേരിക്കന്‍ സൈന്യം ഏറെക്കാലമായി ശ്രമിക്കുകയാണ്. ഇതിനായി യുഎസ് നേവിയുടെ കീഴില്‍ പ്രത്യേക ദൗത്യസംഘത്തെ തന്നെ പെന്റഗണ്‍ നിയോഗിച്ചിരുന്നു. പറക്കുംതളികകള്‍ ഉള്‍പ്പടെയുള്ള ആകാശ പ്രതിഭാസങ്ങള്‍ യാഥാര്‍ഥ്യമാണോ, യാഥാര്‍ഥ്യമാണെങ്കില്‍ അവയുടെ ഉത്ഭവവും സ്വഭാവവും എങ്ങിനെ തുടങ്ങിയ കാര്യങ്ങളാണ് സംഘം പഠിക്കുന്നത്. 2004ലും 2015ലുമായി യുഎസ് നേവിയുടെ കാമറയില്‍ പതിഞ്ഞ യുഎഫ്ഒ ദൃശ്യങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടിരുന്നു.

TAGS :

Next Story