സ്വന്തം പാർട്ടിയിലും ഭിന്നത; ട്രംപ് പെട്ടോ? ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കിയത് ഇങ്ങനെ...
ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ നീക്കമായാണ് പ്രമേയത്തെ വിലയിരുത്തപ്പെടുന്നത്

- Published:
4 Jun 2026 11:32 AM IST

ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ട് പോകുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരങ്ങൾക്കുള്ള വെട്ടായിരുന്നു യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം. ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഈ പ്രമേയത്തെ നാല് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ കൂടി പിന്തുണച്ചതോടെ ട്രംപ് ഒറ്റപ്പെടുകയാണോ എന്ന ചര്‍ച്ചയേയും സജീവമാക്കി. 208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ആറ് പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.
ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ നീക്കമായാണ് പ്രമേയത്തെ വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാൻ പ്രതിനിധി സഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്. ജനപ്രതിനിധിസഭയിൽ ഇതാദ്യമായാണ് വിജയം കാണുന്നത്. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് കൂടി ഈ പ്രമേയം അംഗീകരിക്കേണ്ടതുണ്ട്. സെനറ്റ് പാസാക്കിയാൽ പോലും ട്രംപിന്റെ ഇറാൻ വിരുദ്ധ സൈനിക നീക്കങ്ങളെ പൂർണ്ണമായി തടയാൻ ഇതിനാകുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സംശയമുണ്ട്. സമാനമായൊരു പ്രമേയം കഴിഞ്ഞ മേയ് മാസത്തിൽ സെനറ്റിന്റെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും പൂർണ്ണമായ വോട്ടെടുപ്പിലേക്ക് എത്തിയിരുന്നില്ല.
കോൺഗ്രസിന്റെ (യുഎസ് പാർലമെന്റ്) അനുമതിയില്ലാതെയാണ് ട്രംപ് സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത്. ഭരണഘടനയനുസരിച്ച് യുദ്ധം പ്രഖ്യാപിക്കാനുള്ള പൂർണ്ണമായ അധികാരം കോൺഗ്രസിന് മാത്രമാണ് നൽകിയിട്ടുള്ളത്. ഇത് ട്രംപ് ലംഘിക്കുകയാണെന്നാണ് ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നത്.
അതേസമയം ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ വ്യക്തമാക്കുന്നതാണ് ഈ വോട്ടെടുപ്പ് ഫലം. ട്രംപിന്റെ സ്വന്തം പാർട്ടിക്കാരായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക്, ടോം ബാരറ്റ്, വാറൻ ഡേവിഡ്സൺ എന്നീ ജനപ്രതിനിധികളാണ് ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. മുൻപ് ഇത്തരം നീക്കങ്ങളെ എതിര്‍ത്തിരുന്ന ഡെമോക്രാറ്റിക് അംഗം ജാരെഡ് ഗോൾഡനും ഇത്തവണ പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു.
"യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിന് മാത്രമാണ്. അത് നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. എന്റെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് ഞാൻ വോട്ട് ചെയ്തത്. അതിന്റെ പേരിൽ പ്രസിഡന്റിൽ നിന്ന് എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണ്''- അനുകൂലമായി വോട്ട് ചെയ്ത റിപ്പബ്ലിക്കന്‍ അംഗം ടോം ബാരറ്റ് പറഞ്ഞു.
ട്രംപിന്റെ നിയമവിരുദ്ധവും ഭാരിച്ചതുമായ ഇറാൻ യുദ്ധത്തിനെതിരെയുള്ള ശക്തമായ ഉഭയകക്ഷി മുന്നറിയിപ്പാണിതെന്ന് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗം ഗ്രിഗറി മീക്സ് പറഞ്ഞു. യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ നേടാൻ ട്രംപിന് സാധിച്ചില്ലെന്നും, പകരം രാജ്യത്ത് ഇന്ധനവില വർദ്ധിക്കാനും ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകാനും മാത്രമേ ഇത് ഉപകരിച്ചുള്ളൂ എന്നും മീക്സ് കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ മറ്റൊരു അനന്തമായ യുദ്ധം ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കി കൂടുതൽ റിപ്പബ്ലിക്കൻമാർ ഇപ്പോൾ ഒപ്പം വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
