'അതിന് നിങ്ങൾക്കെന്താ കുഴപ്പം?'; വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി സെലന്‍സ്‌കി
യുദ്ധം അവസാനിച്ചതിനു ശേഷം സ്യൂട്ട് ധരിക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു

വാഷിങ്ടണ്‍: റഷ്യയുമായുള്ള യുദ്ധത്തെച്ചൊല്ലി യുക്രൈൻ പ്രസിഡന്റ് വൊളാദിമിര്‍ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന വാഗ്വാദത്തിനിടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി സെലന്‍സ്‌കി. ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് കരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങിയിരുന്നു.
രാജ്യത്തിന്റെ പരമോന്നത ഓഫീസിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന താങ്കള്‍ സ്യൂട്ട് ധരിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണെന്നും നിങ്ങള്‍ക്ക് സ്യൂട്ട് ഉണ്ടോയെന്നുമായിരുന്നു തീവ്ര വലതുപക്ഷ യുഎസ് വാർത്താ ചാനലായ റിയൽ അമേരിക്കാസ് വോയിസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ ബ്രയാന്‍ ഗ്ലെന്നിന്റെ ചോദ്യം. ഓവൽ ഓഫീസിലെ വസ്ത്രധാരണ രീതിയെ ബഹുമാനിക്കാത്തതിൽ നിരവധി അമേരിക്കക്കാർക്ക് പ്രശ്നമുണ്ടെന്നും ബ്രയാന്‍ ഗ്ലെൻ പറഞ്ഞു.
താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ താങ്കള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു സെലൻസ്കി മറുപടി നൽകിയത്. യുദ്ധം അവസാനിച്ചതിനു ശേഷം സ്യൂട്ട് ധരിക്കുമെന്നും സെലന്‍സ്‌കി കൂട്ടിച്ചേർത്തു. 'നിങ്ങള്‍ പറഞ്ഞതു പോലെയുള്ള ഓഫീസ് എനിക്കില്ല. യുദ്ധത്തിന് ശേഷം ഞാന്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. ചിലപ്പോൾ നിങ്ങള്‍ ധരിച്ചിരിക്കുന്നതു പോലെയോ അല്ലെങ്കിൽ അതിനേക്കാള്‍ മികച്ചതോ ആയത്. ചിലപ്പോള്‍ നിങ്ങള്‍ ധരിച്ചിരിക്കുന്നതിനേക്കാള്‍ വില കുറഞ്ഞതുമാകാം. നമുക്ക് കാണാം'- സെലന്‍സ്‌കി പറഞ്ഞു.
Trump to Zelensky:
— Visegrád 24 (@visegrad24) February 28, 2025
“I do like your clothing by the way” pic.twitter.com/yqcavmf0EI
Adjust Story Font
16

