Quantcast

'അയാൾക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഇത് ഭ്രാന്താണ്'; പുടിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ഇന്നലെ യുക്രൈനിൽ റഷ്യ ന‌ത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    26 May 2025 12:15 PM IST

അയാൾക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഇത് ഭ്രാന്താണ്; പുടിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്
X

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് ​വ്ലാദിമിർ പുടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനിൽ റഷ്യ ആക്രമണം വർധിപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ വിമർശനം. യുക്രൈനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് റഷ്യയുടെ നാശത്തിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

'തനിക്ക് പുടിനെ ദീർഘകാലമായി അറിയാം. പക്ഷേ അയാള്‍ക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട്. പുടിന് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. ഞാൻ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് നിരപരാധികളെ കൊന്നുകൊണ്ടിരിക്കുകയാണ്. യുക്രൈന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രൈൻ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്. എനിക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകൾ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഭ്രാന്താണ്. അയാള്‍ ആളുകളെ കൊന്നൊടുക്കുകയാണ്'- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇന്നലെ രാത്രി 367 ഡ്രോണുകളാണ് റഷ്യ യുക്രൈനിലേക്ക് പ്രയോഗിച്ചത്. ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് കീവിലും മറ്റ് നഗരങ്ങളിലും ഉണ്ടായത്. റഷ്യയുടെ ആക്രമണം 30 നഗരങ്ങളെയും ചില ഗ്രാമങ്ങളെയും ബാധിച്ചുവെന്ന്‌ സെലെന്‍സ്‌കി അറിയിച്ചിരുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്രയും വലിയ ആക്രമണം നടത്തുന്നത്.

2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രൈനിന്റെ ഭൂപ്രദേശത്തിന്റെ 20 ശതമാനം റഷ്യൻ നിയന്ത്രണത്തിലാണ്. 2014ൽ റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഉപദ്വീപായ ക്രിമിയ അടക്കമാണിത്.

TAGS :

Next Story