ന്യൂയോർക്ക് ടൈംസിനെതിരെ 124,500 കോടിയുടെ മാനനഷ്ടക്കേസ് നൽകി ട്രംപ്
ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായാണ് ന്യൂയോർക്ക് ടൈംസ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു

Donald Trump | Photo | Special Arrangement
വാഷിങ്ടൺ: വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ച് ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഥാപനത്തിനെതിരെ 124,500 കോടിയുടെ (15 ബില്യൺ ഡോളർ) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായാണ് ന്യൂയോർക്ക് ടൈംസ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അന്തസ്സില്ലാത്ത മാധ്യമപ്രവർത്തനമാണ് ന്യൂയോർക്ക് ടൈംസ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പത്രം കമല ഹാരിസിന് മുൻപേജിൽ നൽകിയ പ്രാധാന്യം ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് സംഭാവനക്ക് തുല്യമാണ്. തന്നെയും കുടുംബത്തെയും തന്റെ ബിസിനസിനെയും അമേരിക്ക ഫസ്റ്റ് പ്രസ്ഥാനത്തെയും കുറിച്ച് പത്രം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് ടൈംസ് വളരെക്കാലമായി തന്നെക്കുറിച്ച് സ്വതന്ത്രമായി നുണ പറയുകയും താറടിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. അതിന് ഇപ്പോൾത്തന്നെ അറുതിവരുത്തും. എബിസി, സിബിഎസ് ഡിസ്‌നി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ മുമ്പ് നടത്തിയ വിജയകരമായ നിയമനടപടികളെ കുറിച്ചും ട്രംപ് ഓർമിപ്പിച്ചു.
Adjust Story Font
16

