'ഭാര്യ താടിക്ക് തട്ടിയതിൻ്റെ പരിക്കില്‍ നിന്ന് മാക്രോണ്‍ മോചിതനായിട്ടില്ല'; പരിഹാസവുമായി ട്രംപ്
ഇറാനെതിരായ യുദ്ധത്തില്‍ തനിക്ക് പിന്തുണ നല്‍കാന്‍ ഫ്രാന്‍സ് വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്

- Published:
2 April 2026 10:02 PM IST

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇടപെടണമെന്ന ആവശ്യം സഖ്യകക്ഷികള്‍ തള്ളിയ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാക്രോണിനോട് ഭാര്യയുടെ പെരുമാറ്റം വളരെ മോശമാണെന്നും ഭാര്യയുടെ കൈ കൊണ്ട് വലത് താടിക്ക് കിട്ടിയ അടിയില്‍ നിന്ന് മാക്രോണ്‍ മോചിതനായിട്ടില്ലെന്നും ട്രംപ് പരിഹസിച്ചു.
'ഞാന്‍ മാക്രോണിനെ വിളിച്ചു. മാക്രോണിന്റെ ഭാര്യ അദ്ദേഹത്തോട് മോശമായാണ് പെരുമാറാറ്. വലത് താടിക്ക് കിട്ടിയ അടിയില്‍ നിന്നും മോചിതനാകുന്നേയുള്ളൂ. ഗള്‍ഫ് മേഖലയില്‍ ചില സഹായങ്ങള്‍ വേണമെന്ന് മാക്രോണിനോട് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് എത്രയും വേഗം കപ്പലുകള്‍ അയക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. പറ്റില്ല എന്ന മറുപടിയാണ് തന്നത്. യുദ്ധം ജയിച്ച ശേഷം ചെയ്യാമെന്നാണ് മാക്രോണ്‍ പറഞ്ഞത്. യുദ്ധം ജയിച്ച ശേഷം നിങ്ങളുടെ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു. യുദ്ധം കഴിഞ്ഞ ശേഷം സഹായത്തിനെത്താം എന്നാണ് പലരും പറഞ്ഞത്' -വൈറ്റ് ഹൗസിലെ ഒരു ചടങ്ങില്‍ വെച്ച് ട്രംപ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാക്രോണിന്റെ ഭാര്യ ബ്രിജിത്ത മാക്രോണ്‍ വിയറ്റ്‌നാം യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ മുഖത്ത് തട്ടുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപിന്റെ പരിഹാസം.
ഇറാനെ ആക്രമിച്ചതോടെ അടച്ച ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് ലോകരാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ആരും മുന്നോട്ട് വന്നിരുന്നില്ല. ഇതിന് പിന്നാലെ, ഹോര്‍മുസ് തുറക്കുക അമേരിക്കയുടെ ജോലിയല്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം പങ്കെടുക്കാത്തതിന് യൂറോപ്യന്‍ സഖ്യകക്ഷികളെ കുറ്റപ്പെടുത്തിയ ട്രംപ് നാറ്റോ സൈനിക സഖ്യത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
Adjust Story Font
16
