'കുഞ്ഞ് വളരുമ്പോഴേക്ക് അമ്മ മരിച്ചുപോകില്ലേ?' വിമർശകരുടെ ചോദ്യം; 59ാം വയസിൽ വീണ്ടും അമ്മയാകാനൊരുങ്ങി ബ്രിട്ടീഷ് ടിവി അവതാരക; വിമർശകർക്ക് ചുട്ട മറുപടി-വീഡിയോ
നവംബർ 15നായിരുന്നു സഹഅവതാരകരെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച റെനിയുടെ പ്രഖ്യാപനം

ലണ്ടൻ: ബ്രിട്ടീഷ് ടെലിവിഷൻ അവതാരകയും എൻഎച്ച്എസ് നഴ്സ് പ്രാക്ടീഷണറുമായ ഡോ. റെനി ഹോണ്ടർകാംപ് മൂന്നാമതും അമ്മയാകാൻ ഒരുങ്ങുന്നു. ജിബി ന്യൂസിലെ തത്സമയ പരിപാടിക്കിടെ ഇവർ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അൻപത്തിയൊൻപതാം വയസിൽ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ച റെനി, പ്രായത്തിന്റെ പേരിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് അതേ വേദിയിൽ ചുട്ട മറുപടി നൽകുകയും ചെയ്തു.
നവംബർ 15നായിരുന്നു സഹഅവതാരകരെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച റെനിയുടെ പ്രഖ്യാപനം. നിലവിൽ 12 ആഴ്ച ഗർഭിണിയാണെന്നും മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണെന്നും റെനി വെളിപ്പെടുത്തി. ഇത്തവണ പെൺകുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു.
ബ്രിട്ടനിലെ 1,200ലധികം പുരുഷ അഭയാർഥികൾക്ക് പരിശോധനകൾ പൂർത്തിയാക്കാതെ താമസസൗകര്യം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അപ്രതീക്ഷിത വെളിപ്പെടുത്തൽ. ഒരു സ്ത്രീയും അമ്മയും എന്ന നിലയിൽ തന്റെ ആശങ്കകൾ പങ്കുവെക്കുന്നതിനിടെയാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന വിവരം റെനി തുറന്നുപറഞ്ഞത്.
37 വയസുള്ള മകനും എട്ട് വയസുള്ള ആലീസ് എന്ന മകളുമാണ് റെനിക്ക് നിലവിലുള്ളത്. അമ്പതാം വയസിലാണ് ആലീസിന് ജന്മം നൽകിയത്. അന്ന് നേരിട്ട വിമർശനങ്ങൾ ഇപ്പോഴും ഓർമയിലുണ്ടെന്ന് അവർ പറയുന്നു. ഇനിയും ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം സ്വാർത്ഥതയാണെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ മരിച്ചുപോയാൽ കുട്ടിയുടെ ഭാവി എന്താകുമെന്നുമൊക്കെയായിരുന്നു അന്ന് ഉയർന്ന ചോദ്യങ്ങൾ.
എന്നാൽ, ഇത്തരം വിമർശനങ്ങളൊന്നും തന്റെ തീരുമാനത്തെ മാറ്റിയില്ലെന്ന് റെനി വ്യക്തമാക്കി. ആലീസിന് സന്തോഷകരമായ ജീവിതമാണുള്ളത്. അവൾ സ്വന്തം ജീവിതത്തെ ഏറെ സ്നേഹിക്കുന്നുണ്ട്. പുതിയ കുഞ്ഞിനും അത്തരമൊരു ജീവിതം നൽകാനാകുമെന്നാണ് പ്രതീക്ഷ. ഒരു കുഞ്ഞിന് ജീവിതത്തിലേക്ക് വരാനുള്ള അവസരം തന്നെ നിഷേധിക്കുന്നതാണോ കൂടുതൽ നല്ലതെന്നും വിമർശകരോട് അവർ തുറന്നടിച്ചു. കുഞ്ഞ് വലുതാകുമ്പോഴേക്ക് അമ്മ മരിച്ചുപോയേക്കുമെന്നത് സ്വാഭാവികമായ കാര്യമാണെന്നും, അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
മൂന്നാമതും അമ്മയാകാനുള്ള ആഗ്രഹം ഏകദേശം 18 മാസം മുമ്പാണ് റെനിയിൽ ശക്തമായത്. നേരത്തെ അണ്ഡം ശീതീകരിച്ചിരുന്നെങ്കിലും പ്രായം പരിഗണിച്ച് ബ്രിട്ടനിൽ ചികിത്സയ്ക്ക് തയ്യാറായ ഫെർട്ടിലിറ്റി വിദഗ്ധരെ കണ്ടെത്താനായില്ല. തുടർന്നാണ് ചികിത്സയ്ക്കായി പോളണ്ടിലേക്ക് പോയത്. മൂന്ന് ശ്രമങ്ങൾക്കൊടുവിലാണ് ഗർഭധാരണം സാധ്യമായതെന്നും അവർ വെളിപ്പെടുത്തി.
ആദ്യഘട്ടത്തിൽ ആൺകുഞ്ഞായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും റെനി പറഞ്ഞു. തത്സമയ പരിപാടിയിലെ പ്രഖ്യാപനം കേട്ട് സഹഅവതാരകർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അഭിനന്ദനങ്ങളുമായി പൊതിയുകയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ആശംസകൾ അറിയിച്ച എല്ലാവർക്കും സോഷ്യൽ മീഡിയയിലൂടെ റെനി നന്ദി പറയുകയും ചെയ്തു. അതേസമയം, വിമർശകരോട് തന്റെ നിലപാട് വ്യക്തമാക്കാനും അവർ മറന്നില്ല. 'നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എനിക്ക് പ്രശ്നമല്ല' എന്നായിരുന്നു വിമർശകർക്കുള്ള മറുപടി.
Adjust Story Font
16

