പണമടച്ച് ഉപയോഗിക്കാം; ഡ്രൈവറില്ലാ റോബോ ടാക്‌സികള്‍ വരുന്നു
ഈ റോബോ ടാക്‌സിക്ക് വേണ്ടി നിക്ഷേപകരും വാഹനപ്രേമികളും ഏറെ നാളായി കാത്തിരിക്കുകയാണ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഡ്രൈവര്‍ ഇല്ലാത്ത സ്വയം ഓടിക്കുന്ന റോബോ ടാക്‌സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല. ജൂണ്‍ 22 ന് പൊതുജനങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലികമായി റോബോ ടാക്‌സിയില്‍ റൈഡുകള്‍ വാഗ്ദാനം ചെയ്തതായി ചൊവ്വാഴ്ച ഇലോണ്‍ മസ്‌ക് അറിയിച്ചു. ഈ റോബോ ടാക്‌സിക്ക് വേണ്ടി ടെസ്‌ലയുടെ നിക്ഷേപകരും ആരാധകരും ഏറെ നാളായി കാത്തിരിക്കുകയാണ്.
സ്വയം ഓടിക്കുന്ന ഇത്തരം റോബോ ടാക്‌സികളിലാണ് ടെസ്‌ല തങ്ങളുടെ ഭാവി മാറ്റിവെച്ചിരിക്കുന്നത്. വിലകുറഞ്ഞ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുകയാണ്. എന്നാല്‍ ഇത്തരം ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പലരും മസ്‌കിന്റെ ഇത്തരം പദ്ധതികളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
''സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു, അതിനാല്‍ ഡേറ്റ് മാറിയേക്കാം,'' മസ്‌ക് എക്‌സിലൂടെ അറിയിച്ചു. ജൂണ്‍ 28 മുതല്‍ ടെസ് ല ഉപഭോക്താവിന്റെ വീട്ടിലേക്ക് വാഹനം ഡ്രൈവര്‍ ഇല്ലാതെ ഓടിച്ച് എത്തിക്കും മസ്‌ക് പറഞ്ഞു. വര്‍ധിച്ചുവരുന്ന മത്സരവും ട്രംപുമായുള്ള പ്രശ്‌നങ്ങളും മസ്‌ക്കിന് തിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ റോബോ ടാക്‌സി ലോഞ്ച് മസ്‌കിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്.
പണമടച്ചുള്ള റോബോടാക്‌സി സേവനങ്ങളാണ് ഓസ്റ്റിനില്‍ മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ശനമായ എവി നിയന്ത്രണങ്ങളുള്ള കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള മറ്റ് യുഎസ് സംസ്ഥാനങ്ങളിലേക്കും ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മസ്‌ക് തീരുമാനിച്ചിട്ടുണ്ട്. പബ്ലിക് സ്ട്രീറ്റായ ഓസ്റ്റിനില്‍ റോബോട്ടിക് കാറുകളുടെ ടെസ്റ്റ് ഡ്രൈവ് നടത്താനാണ് മസ്‌കിന്റെ തീരുമാനം. ടെസ്‌ല യുടെ പുതിയ വേര്‍ഷനായ ഡ്രൈവര്‍ അസിസ്റ്റന്‍സ് സോഫ്റ്റ്‌വെയറാണ് റോബോ ടാക്‌സിയില്‍ ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെ ഈ സേവനം ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടുന്നേയുള്ളൂ.
Adjust Story Font
16

