Quantcast

റിപബ്ലിക്ക് ഓഫ് കോംഗോയിൽ എബോള വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ മാത്രം ഇതുവരെ 246 ഓളം കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

MediaOne Logo
റിപബ്ലിക്ക് ഓഫ് കോംഗോയിൽ എബോള വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
X

കിൻഷാസ: എബോള രോഗവ്യാപനത്തെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ പടർന്നുപിടിക്കുന്ന ഈ രോഗബാധ നിലവിൽ ഒരു 'പാൻഡെമിക്' ആയി മാറിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ലഭ്യമായ കണക്കുകളേക്കാൾ കൂടുതൽ ആളുകളിലേക്ക് രോഗം പടർന്നിട്ടുണ്ടാകാമെന്നാണ് ആശങ്ക.

കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ മാത്രം ഇതുവരെ 246 ഓളം കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ടുപേർക്ക് ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. ഇറ്റൂരിയുടെ തലസ്ഥാനമായ ബുനിയ, സ്വർണ ഖനന നഗരങ്ങളായ മോങ്വാലു, റമ്പാറ എന്നിവിടങ്ങളിലാണ് രോഗബാധ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ, തലസ്ഥാനമായ കിൻഷാസയിലും, കിഴക്കൻ നഗരമായ ഗോമയിലും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത് രോഗവ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

'ബുന്ദിബുഗ്യോ' എന്ന വകഭേദമാണ് ഈ ഘട്ടത്തിൽ എബോള പടർത്തുന്നത് എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രത്യേക വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. പനി, പേശി വേദന, കടുത്ത ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഛർദ്ദി, വയറിളക്കം, ചർമത്തിൽ തിണർപ്പുകൾ, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയിലേക്ക് ഇത് വഴിമാറുന്നു. ബാധിക്കപ്പെടുന്നവരിൽ പകുതിയോളം പേരുടെയും ജീവനെടുക്കാൻ ശേഷിയുള്ള മാരക രോഗമാണിത്.

കോംഗോയുടെ അതിർത്തികൾ കടന്ന് അയൽരാജ്യമായ ഉഗാണ്ടയിലേക്കും ഇപ്പോൾ എബോള വ്യാപിച്ചിരിക്കുകയാണ്. ഉഗാണ്ടയിൽ രോഗം ബാധിച്ച് മരിച്ച 59 കാരനായ കോംഗോ സ്വദേശിക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ ഉയർന്ന ജനസാന്ദ്രത, വ്യാപാര ആവശ്യങ്ങൾക്കായുള്ള നിരന്തര യാത്രകൾ, അനധികൃത ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഗോമ നഗരം നിയന്ത്രിക്കുന്ന M23 വിമതർ ഉൾപ്പെടെയുള്ളവർ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികൾ എന്നിവ രോഗപ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ കഠിനമാക്കുന്നു.

രോഗവ്യാപനം തടയുന്നതിനായി കോംഗോയും ഉഗാണ്ടയും സംയുക്തമായി അടിയന്തര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റുകയും, 48 മണിക്കൂറിന്റെ ഇടവേളകളിൽ നടത്തുന്ന രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നത് വരെ ചികിത്സ തുടരുകയും വേണം. അതേസമയം, രോഗഭീതിയുടെ പേരിൽ അതിർത്തികൾ അടയ്ക്കാനോ വ്യാപാര-യാത്രാ വിലക്കുകൾ ഏർപ്പെടുത്താനോ പാടില്ലെന്നും, ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങളാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും WHO ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

1976ൽ കോംഗോയിൽ വെച്ചാണ് എബോള വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്നാണ് നിഗമനം. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പടരുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ 15,000ത്തോളം പേർ എബോള ബാധിച്ച് മരിച്ചിട്ടുണ്ട്. കോംഗോ നേരിടുന്ന 17-ാമത്തെ എബോള രോഗവ്യാപനമാണിത്. ഇതിനുമുമ്പ് 2018-2020 കാലഘട്ടത്തിലുണ്ടായ കടുത്ത രോഗബാധയിൽ കോംഗോയിൽ 2,300 ഓളം പേർക്ക് ജീവൻ നഷ്ടമായിരുന്നു.

TAGS :

Next Story