'നീതീകരിക്കാനാകാത്ത വലിയ ദുരന്തം, ഗസ്സയിലെ ദുരിതങ്ങൾ ഹൃദയം തകർത്തു'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ
ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ റാപ്പർ മാക്കിൾമോറിനെ അമേരിക്കൻ പരിപാടിയിലേക്കുള്ള ഗായകസംഘത്തിൽ നിന്നൊഴിവാക്കിയതിൽ എഡ് ഷീരനെതിരെ വലിയ വിമർശനങ്ങളുയർന്നിരുന്നു

- Published:
20 Sept 2026 3:56 PM IST

വാഷിങ്ടണ്‍: ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഗ്രാമി ജേതാവായ റാപ്പര്‍ മാക്കിള്‍മോറിനെ അമേരിക്കന്‍ പരിപാടിയിലേക്കുള്ള ഗായകസംഘത്തില്‍ നിന്നൊഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായകന്‍ എഡ് ഷീരന്‍. ഫലസ്തീനുടനീളം നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നീതീകരിക്കാനാകാത്ത ദുരന്തങ്ങളാണെന്നും ഹൃദയഭേദകമാണെന്നും ഷീരന്‍ പറഞ്ഞു. ഫിലാഡല്‍ഫിയയിലുള്ള ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ വെച്ചുള്ള സംഗീതപരിപാടിക്കിടെയാണ് ഷീരന്റെ പ്രതികരണം.
'ആരാധകരെ നിരാശരാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതുപോലെ, ഒരു ഗായകനായ ആക്ടിവിസ്റ്റ് ആകണമെന്നും എനിക്കാഗ്രഹമില്ല. ഇത് എന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയൊരു തര്‍ക്കത്തിന്റെയും, ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രശ്‌നത്തിന്റെയും നടുവില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് ഇപ്പോള്‍'. ഫിലാഡല്‍ഫിയയിലെ പരിപാടി തുടങ്ങുന്നതിന് മുന്‍പായി ഷീരന്‍ പറഞ്ഞുതുടങ്ങി. 2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണം ഭയാനകമായിരുന്നെന്ന് വ്യക്തമാക്കിയ എഡ് ഷീരന്‍, ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ വലിയ ദുരന്തമായിരുന്നെന്നും നീതീകരിക്കാനാവാത്തതാണെന്നും പറഞ്ഞു.
'കുട്ടികളും സാധാരണക്കാരുമായി നിരവധി പേരുടെ മരണവും നഷ്ടങ്ങളും ഹൃദയഭേദകമായിരുന്നു. വെസ്റ്റ് ബാങ്കിലെ അനീതി കണ്ടില്ലെന്ന് നടിക്കാനാകില്ല'. അദ്ദേഹം അഭിപ്രായപ്പെട്ടു. സമാനമായ വിഷയങ്ങളില്‍ അടുത്തിടെ താന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.
'ഈ ആഴ്ചയില്‍ വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണവുമായ ചില വിഷയങ്ങളില്‍ ഞാന്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ ചില തെറ്റുപറ്റുകയുണ്ടായി. വളരെ പ്രയാസകരമായിരുന്നു ആ തീരുമാനങ്ങള്‍. എനിക്കും വീഴ്ച സംഭവിച്ചു. അതിലെനിക്ക് വിഷമമുണ്ട്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ന്യൂജേഴ്‌സിയിലെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ മാക്കിള്‍മോര്‍ 'ഫ്രീ ഫലസ്തീന്‍' എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ഫലസ്തീന്‍ ജനതക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരിപാടിയുടെ സംഘാടകരും സ്റ്റേഡിയം ഉടമകളും ഇസ്രായേല്‍ അനുകൂലികളില്‍ നിന്നും വലിയ സമ്മര്‍ദമാണ് നേരിട്ടത്. പിന്നാലെയാണ് ഇദ്ദേഹത്തെ അമേരിക്കന്‍ സംഗീതപര്യടനത്തില്‍ നിന്ന് ഒഴിവാക്കിയത്. പരിപാടിയുടെ പ്രത്യേക ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു മാക്കിള്‍മോറിന്റെ സാന്നിധ്യം.
ഇതിന് പിന്നാലെ എഡ് ഷീരനെതിരെയും അദ്ദേഹത്തിന്റെ ട്രൂപ്പിനെതിരെയും ലോകവ്യാപകമായി വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. തന്റെ പരിപാടികള്‍ രാഷ്ട്രീയപരമല്ലെന്നും ഏത് വീക്ഷണങ്ങളുള്ളവര്‍ക്കും തന്റെ പരിപാടിയിലേക്ക് വരാമെന്നും ഷീരന്‍ ഫിലാഡല്‍ഫിയയിലെ പരിപാടിയില്‍ വ്യക്തമാക്കുകയുണ്ടായി.
പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതില്‍ തനിക്ക് എഡ് ഷീരനോട് യാതൊരു വിരോധവുമില്ലെന്നും തങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണെന്നും മാക്കിള്‍മോര്‍ പറഞ്ഞു. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടി ഒന്നുമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
'ഞാന്‍ ഇരയല്ല, എഡ് ഷീരനും ഒരു ഇരയല്ല. യഥാര്‍ത്ഥ ഇരകള്‍ ഫലസ്തീന്‍ ജനതകളാണ്. ഗസ്സയില്‍ 20,000ത്തിലധികം കുട്ടികള്‍ മരിച്ചു. ഞാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് പൈസ, ബ്രാന്‍ഡ്, ടൂര്‍ അങ്ങനെയെല്ലാം നഷ്ടപ്പെട്ടേക്കാം. പക്ഷെ അടിച്ചമര്‍ത്തുന്നവനും അടിച്ചമര്‍ത്തപ്പെടുന്നവനും നടുവില്‍ നിഷ്പക്ഷമായി നില്‍ക്കാന്‍ പറ്റില്ല,' എന്നും മാക്കിള്‍മോര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മാക്കിള്‍മോറിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടക്കം മുതല്‍ക്കേ ഫലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തി കൂടിയാണ് മാക്കിള്‍മോര്‍. ത്രിഫ്റ്റ് ഷോപ്പ്, സെയിം ലവ് എന്നീ ആല്‍ബങ്ങളിലൂടെയാണ് മാക്കിള്‍മോര്‍ ആഗോള ശ്രദ്ധ നേടിയത്.
Adjust Story Font
16
