കീഴടങ്ങാനില്ലെന്ന് ഇറാൻ: യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ എട്ടാം ദിവസം എന്താണ് സംഭവിക്കുന്നത്?
അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ

- Published:
7 March 2026 4:49 PM IST

തെഹ്‌റാൻ: ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ കടുത്ത ആശങ്ക നിലനിൽക്കുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,332 ആയി ഉയർന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ നാവികശേഷിയെ ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ ഇതുവരെ 43 ഇറാനിയൻ യുദ്ധക്കപ്പലുകൾ തകർത്തതായും മൂവായിരത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ 'നിരുപാധികമായി കീഴടങ്ങണം' എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിരുപാധികമായ കീഴടങ്ങലില്ലാതെ യാതൊരു കരാറിനും തയ്യാറല്ലെന്നും അദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തൽക്കാലം തുറന്നിട്ടിരിക്കുകയാണെങ്കിലും, ഈ വഴി കടന്നുപോകാൻ ശ്രമിക്കുന്ന അമേരിക്കൻ, ഇസ്രായേൽ കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരായ നീക്കത്തിൽ അമേരിക്കയോടും ഇസ്രായേലിനോടും ചേരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇറാന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറുമെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ. ഇറാനെ ആക്രമിച്ചാല്‍ മാത്രം തിരിച്ചടിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് അദേഹം ക്ഷമചോദിച്ചു. സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണത്തിന് പകരമായി ഖത്തർ, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് ബേസുകളിൽ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. വെള്ളിയാഴ്ച ഖത്തറിന് നേരെ തൊടുത്ത 10 ഡ്രോണുകളിൽ ഒമ്പതെണ്ണവും ഖത്തർ വ്യോമപ്രതിരോധ സംവിധാനം തകർത്തു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് സമീപവും ഡ്രോണുകൾ വെടിവെച്ചിട്ടു. ഈ സാഹചര്യത്തിൽ സൗദിക്ക് സൈനിക സഹായം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ അറിയിച്ചിട്ടുണ്ട്. കുവൈത്ത് തങ്ങളുടെ എണ്ണ ഉത്പാദനം കുറയ്ക്കുകയും ചെയ്തു.
ഇസ്രായേലിലും ആക്രമണങ്ങൾ തുടരുകയാണ്. തെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെത്തുടർന്ന് സൈറണുകൾ മുഴങ്ങി. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തളർത്തുക എന്ന തന്ത്രമാണ് ഇറാൻ പ്രയോഗിക്കുന്നത്. ഇതിനിടെ ലബനനിലും സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 217 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ അതിർത്തികളിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്.
അമേരിക്കൻ സൈനിക നീക്കത്തിന്റെ ആദ്യ 100 മണിക്കൂറുകൾക്ക് ഏകദേശം 3.7 ബില്യൺ ഡോളർ ചെലവായതായി കണക്കാക്കപ്പെടുന്നു. യുദ്ധം നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. യുദ്ധം മൂലം ഏകദേശം 3,30,000 ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എണ്ണ വിതരണത്തിലെ തടസങ്ങൾ ആഗോളതലത്തിൽ ഇന്ധനവില വർധിക്കാനും കാരണമായിട്ടുണ്ട്.
Adjust Story Font
16
