ഇസ്രായേലിൽ നിര്‍ണായക നീക്കം: നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ സഖ്യചർച്ചയ്ക്ക് ക്ഷണിച്ച് ഗാഡി ഐസൻകോട്ട്
അറബ് പാർട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാണ് ലിക്കുഡ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്

- Published:
22 Nov 2026 7:37 AM IST

തെല്‍ അവീവ്: ഇസ്രായേലിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെട്ട മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലിക്കുഡിനെ പുതിയ സഖ്യചർച്ചകൾക്കായി ക്ഷണിച്ചു. രാജ്യത്ത് ദേശീയ ഐക്യസർക്കാർ രൂപീകരിക്കുന്നതിന് വഴിയൊരുക്കിയേക്കാവുന്ന നിർണ്ണായക നീക്കമാണിത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഡിസംബർ വരെയാണ് ഐസൻകോട്ടിന് സമയപരിധിയുള്ളത്.
ഇതിന്റെ ഭാഗമായി ഞായറാഴ്ച (നവംബർ 22) മുതൽ മാരത്തൺ ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനം. "പുതിയ സർക്കാർ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായി, ലിക്കുഡ് പ്രതിനിധികളെ ക്ഷണിക്കാൻ 'യഷാർ' പാർട്ടി ചെയർമാൻ കൂടിയായ ഗാഡി ഐസൻകോട്ട് ചർച്ചാ സംഘത്തിന് നിർദ്ദേശം നൽകി"-എന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ രൂപീകരണത്തിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും പാർട്ടി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ഇരുവിഭാഗവും തമ്മിൽ പ്രാഥമിക ഘട്ട ചർച്ചകൾ നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഐക്യസർക്കാർ രൂപീകരിക്കുന്നതിൽ ആത്മാർത്ഥതയില്ലെന്ന് ഇരുപക്ഷവും പരസ്പരം ആരോപിക്കുകയും ചെയ്തിരുന്നു. നിയമനിർമ്മാണ അജണ്ട താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും അറബ് പാർട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നുമാണ് ലിക്കുഡ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.
നെതന്യാഹു വിരുദ്ധ ചേരിയെ നയിക്കുന്ന നേതാവാണ് ഐസൻകോട്ട് എന്നിരിക്കെയാണ് ഈ നിർണ്ണായക ക്ഷണം. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹു നയിക്കുന്ന വലതുപക്ഷ സഖ്യത്തിനോ പ്രതിപക്ഷത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ സർക്കാർ രൂപീകരണത്തിനായി എതിർചേരിയിലുള്ള പാർട്ടികളുമായി സഖ്യസാധ്യതകൾ തേടാൻ രാഷ്ട്രീയ ഗ്രൂപ്പുകൾ നിർബന്ധിതരാകുകയായിരുന്നു. നെതന്യാഹു നയിക്കുന്ന ഒരു സർക്കാരിൽ താൻ ഭാഗമാകില്ലെന്ന് ഐസൻകോട്ട് നേരത്തെ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ, താൻ പ്രധാനമന്ത്രിയാകുന്ന പക്ഷം ലിക്കുഡ് പാർട്ടിയിലെ അംഗങ്ങളെ സഖ്യത്തിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, നെതന്യാഹുവിനെ തലപ്പത്ത് നിലനിർത്താതെ തന്നെ അദ്ദേഹത്തിന്റെ പാർട്ടിയെ ഭരണത്തിലേക്ക് കൊണ്ടുവരുന്നതിനാകും ഇത് വഴിവയ്ക്കുക.
Adjust Story Font
16
