Quantcast

മോദിക്ക് വേണ്ടി എപ്‌സ്റ്റീനുമായി ആശയവിനിമയം നടത്തിയത് അനിൽ അംബാനി?; പുറത്ത് വന്ന രേഖകളില്‍ പറയുന്നത്...

'മോദി വ്യാഴാഴ്ച കാണാൻ ഒരാളെ അയയ്ക്കുന്നു” എന്ന് ട്രംപിന്റെ മുൻ മുഖ്യ തന്ത്രജ്ഞനായ സ്റ്റീവ് ബാനന് എപ്‌സ്റ്റീൻ അയച്ച ഒരു സന്ദേശത്തിൽ പറയുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    1 Feb 2026 1:22 PM IST

മോദിക്ക് വേണ്ടി എപ്‌സ്റ്റീനുമായി ആശയവിനിമയം നടത്തിയത് അനിൽ അംബാനി?; പുറത്ത് വന്ന രേഖകളില്‍ പറയുന്നത്...
X

ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫയലുകളിൽ ഇന്ത്യന്‍ വ്യവസായി അനിൽ അംബാനിയുമായി നടത്തിയ ആശയവിനിമയങ്ങളുമെന്ന് റിപ്പോര്‍ട്ട്.

അനിൽ അംബാനി അമേരിക്കൻ രാഷ്ട്രീയ ബന്ധങ്ങൾ നേടാൻ എപ്‌സ്റ്റീന്റെ സ്വാധീനം ഉപയോഗിച്ചിരുന്നുവെന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള സന്ദേശങ്ങളും ഇമെയിലുകളും വെളിപ്പെടുത്തുന്നതായി 'ദി വയര്‍ 'റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 മുതൽ 2019 വരെയുള്ള കാലയളവിലെ ആശയവിനിമയങ്ങളാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് രേഖകളിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2019 മേയിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മോദി അയച്ച പ്രതിനിധിയായി എപ്സ്റ്റീൻ കൂടിക്കാഴ്ച നടത്തിയെന്ന വിവരവും ഇതില്‍ ഉള്‍പ്പെടുന്നു.

മോദിയുടെ നയതന്ത്ര സന്ദർശനങ്ങളെക്കുറിച്ച് അംബാനി എപ്സ്റ്റീനോട് വിവരങ്ങൾ തേടിയെന്നും എപ്സ്റ്റീന്റെ ഐഫോണിൽ നിന്നുള്ള ടെക്സ്റ്റ് മെസേജുകളും ഇമെയിലുകളും ഉൾപ്പെടുന്ന രേഖകളില്‍ പറയുന്നു. ഇന്ത്യൻ താൽപര്യങ്ങൾക്കും അമേരിക്കൻ രാഷ്ട്രീയ വ്യക്തികൾക്കും ഇടയിലുള്ള ഒരു കണ്ണിയായി താന്‍ നിലകൊണ്ടെന്നും എപ്സ്റ്റീൻ പറയുന്നുണ്ട്.

2019 മേയിലാണ് അനില്‍ അംബാനിയുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയം നടന്നത്. എപ്സ്റ്റീനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നതിന് ആറ് ആഴ്ച മാത്രം മുമ്പായിരുന്നു ഇത്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എണ്ണുന്ന സമയം കൂടിയായിരുന്നു ഇത്. മെയ് 14 മുതൽ 20 വരെ, മെയ് 23-ന് നടത്താനിരുന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ച് എപ്‌സ്റ്റീനും അംബാനിയും തമ്മിൽ ആശയവിനിമയം നടന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ആ ദിവസം തന്നെയാണ് നരേന്ദ്ര മോദി നിർണായക വിജയം നേടി വീണ്ടും അധികാരത്തിലെത്തിയതും.

മെയ് 20-ന്, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മുഖ്യ തന്ത്രജ്ഞനായ സ്റ്റീവ് ബാനന് എപ്‌സ്റ്റീൻ അയച്ച ഒരു സന്ദേശത്തിൽ, “മോദി വ്യാഴാഴ്ച എന്നെ കാണാൻ ഒരാളെ അയയ്ക്കുന്നു” എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മെയ് 23-നെയാണ് സൂചിപ്പിക്കുന്നത്.

മെയ് 23-ന് ഉച്ചയ്ക്ക് ശേഷം 4.30-ഓടെ, മാൻഹാറ്റനിലെ ഈസ്റ്റ് 71-ാം സ്ട്രീറ്റിലെ നമ്പർ 9-ൽ സ്ഥിതിചെയ്യുന്ന എപ്‌സ്റ്റീന്റെ ടൗൺഹൗസിൽ അംബാനി എത്തിയതായി, അദ്ദേഹത്തിന്റെ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഇമെയിൽ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു. അതേ ദിവസം വൈകിട്ട്, അമേരിക്കൻ സമയം രാത്രി 9.05-ഓടെ, എപ്‌സ്റ്റീൻ അംബാനിക്ക് അയച്ച ഒരു സന്ദേശത്തിൽ, “ഇന്നത്തെ കൂടിക്കാഴ്ച ഒരു പ്രത്യേക അനുഭവമായിരുന്നു, നിങ്ങളെ കണ്ടതില്‍ സന്തോഷം” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്..

2019 മെയ് മാസത്തിൽ ന്യൂയോർക്കിൽ നടന്ന ഒരു യോഗത്തിൽ അനിൽ അംബാനി പങ്കെടുത്തിരുന്നു എന്നാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ട രേഖകൾ പറയുന്നത്. എപ്‌സ്റ്റീന്റെ സന്ദേശത്തിൽ പറയുന്നതുപോലെ, “മോദി എന്നെ കാണാൻ ഒരാളെ അയച്ചു” എന്ന വാദം യാഥാർത്ഥ്യമാണോ എന്നും, അങ്ങനെയെങ്കിൽ ആ വ്യക്തി അനിൽ അംബാനിയാണോ അതോ മറ്റാരെങ്കിലും ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് 'ദി വയർ' റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച, ഇന്ത്യയുടെ ചൈനാ നയങ്ങൾ, പാകിസ്താൻ സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവയും സംഭാഷണങ്ങളിൽ പരാമർശിക്കപ്പെട്ടതായി എപ്‌സ്റ്റീന്റെ സന്ദേശത്തിലുണ്ട്. മോദിയുടെ പ്രധാന ശത്രുവാണ് ചൈനയാണ്. പാകിസ്താൻ മേഖലയിലെ ചൈനയുടെ സ്വാധീനവും ഒരു കാരണമാണെന്നും 'ആ വ്യക്തി' പറഞ്ഞതായി എപ്‌സ്റ്റീൻ സന്ദേശത്തിൽ കുറിച്ചു.

എപ്‌സ്റ്റീനും ബാനണും തമ്മിലുള്ള ഈ ടെക്സ്റ്റ് സംഭാഷണം ആദ്യം റിപ്പോർട്ട് ചെയ്തത് അമേരിക്കൻ മാധ്യമസ്ഥാപനമായ ഡ്രോപ്‌സൈറ്റ് ന്യൂസാണ്. 2017 ആഗസ്റ്റിൽ വൈറ്റ് ഹൗസ് വിട്ടിരുന്നെങ്കിലും അമേരിക്കയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ സ്വാധീനമുള്ള വ്യക്തിയായിരുന്നു സ്റ്റീവ് ബാനൻ. ചൈന വിരുദ്ധ നിലപാടുകൾ ശക്തമായി ഉയർത്തിപ്പിടിക്കുന്നയാളായിരുന്നു സ്റ്റീവ് ബാനൻ. മെയ് 24-ന്റെ ബാനൻ എപ്‌സ്റ്റീന് അയച്ച സന്ദേശത്തിൽ, മോദിയെ കുറിച്ച് ഇന്ത്യയ്ക്കായി ഒരു മണിക്കൂർ ദൈർഘ്യമുള്ള ഷോ ചെയ്യുമെന്നും അമേരിക്കൻ ഹിന്ദു പ്രതിനിധികളെയും ഞങ്ങൾ കൂടെ കൊണ്ടുവരും” എന്നും അറിയിക്കുന്നുണ്ട്.

അതേസമയം, എപ്‌സ്റ്റീനും അംബാനിയും തമ്മിലുള്ള ബന്ധം 2017 ഫെബ്രുവരിയിൽ ആരംഭിച്ചതായി രേഖകൾ പറയുന്നു. അംബാനി, വൈറ്റ് ഹൗസുമായി ബന്ധം സ്ഥാപിക്കാൻ സഹായം തേടുകയും “ഇന്ത്യ–അമേരിക്ക ബന്ധവും പ്രതിരോധ സഹകരണവും” സംബന്ധിച്ച് മാർഗനിർദ്ദേശം ആവശ്യപ്പെടുകയും ചെയ്തതായി സന്ദേശങ്ങൾ പറയുന്നു. അംബാനി, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, സ്റ്റീവ് ബാനൺ തുടങ്ങിയവരുമായി കൂടിക്കാഴ്ച ഒരുക്കാൻ സഹായം തേടിയതായും രേഖകളിലുണ്ട്. എപ്‌സ്റ്റീൻ, ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ടോം ബാരക്, സ്റ്റീവ് ബാനൺ തുടങ്ങിയവരെ അംബാനിക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചതായും ഇ മെയിലുകളിലുണ്ട്.

ഇന്ത്യാ ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും വൈറ്റ് ഹൗസുമായി ഇടപെടുന്നതിൽ നിങ്ങളുടെ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് മാര്‍ച്ച് രണ്ടിന് അംബാനി എപ്സ്റ്റീന് അയച്ച സന്ദേശത്തില്‍ പറയുന്നു. സുരക്ഷിതമായ ആശയവിനിമയത്തിനായി അംബാനിയോട് സിഗ്നൽ മെസഞ്ചർ ഡൗൺലോഡ് ചെയ്യാൻ എപ്സ്റ്റീൻ നിർദ്ദേശിച്ചെന്നും പുറത്ത് വന്ന ഫയലുകളിലുണ്ട്.

ട്രംപിന്റെ ഉപദേശകരായിരുന്ന ജാരെഡ് കുഷ്നർ, സ്റ്റീവ് ബാനൻ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനത്തിന് മുന്നോടിയായി സഹായം വേണമെന്നും അംബാനി ആവശ്യപ്പെട്ടിരുന്നു. മോദിയുടെ സന്ദർശന തീയതികളെക്കുറിച്ചും അനൗദ്യോഗിക നയതന്ത്ര ചാനലുകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തുകയും ചെയ്തെന്ന് പുറത്ത് വന്ന രേഖകളിലുണ്ട്.

2017 ജൂലൈയിലെ മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് എപ്‌സ്റ്റീൻ പറയുന്നുണ്ട്. മോദി എന്റെ നിർദേശം അനുസരിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന് വേണ്ടി ഇസ്രായേലിൽ പോയെന്നും അവിടെ നൃത്തം ചെയ്യുകയും പാട്ടുകൾ പാടിയെന്നും അത് ഫലിച്ചെന്നുമാണ് എപ്‌സ്റ്റീൻ ഖത്തറിലെ തന്റെ ഒരു സുഹൃത്തിന് അയച്ച സന്ദേശത്തിലുള്ളത്.

അതേസമയം, പുറത്ത് വന്ന വെളിപ്പെടുത്തലുകളെയെല്ലാം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. മോദിയുടെ ഇസ്രായേൽ സന്ദർശനം ഒഴികെയുള്ള കാര്യങ്ങൾ ഒരു ക്രിമിനലിന്റെ ജല്പനങ്ങൾ മാത്രമാണെന്നും അവ അറപ്പോടെ തള്ളിക്കളയുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2008-ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ എപ്‌സ്റ്റീൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 18 മാസം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകൾ ഇന്നലെ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വീഡിയോകളുമടങ്ങിയ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്.

TAGS :

Next Story