36,000 അടി മുകളിൽ വച്ച് അജ്ഞാത വസ്തു ഇടിച്ചു; അടിയന്തരമായി താഴെയിറക്കി വിമാനം; കാരണം അവ്യക്തം
വിൻഡ്ഷീൽഡിന് കേടുപാട് സംഭവിച്ചതോടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്.

Photo| Special Arrangement
വാഷിങ്ടൺ: പറക്കുന്നതിനിടെ ചെറിയൊരു വസ്തുവോ പക്ഷിയോ വന്ന് ഇടിച്ചാൽ മതി ഒരു വിമാനം വലിയ ദുരന്തത്തിലേക്ക് വീഴാൻ. അത്തരമൊരു ഇടിക്കൽ 36,000 അടിയിൽ വച്ചായാലോ...? അങ്ങനെയും സംഭവിച്ചു...! അമേരിക്കയിലാണ് സംഭവം.
വ്യാഴാഴ്ച ഡെൻവറിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പറക്കുകയായിരുന്ന യുണൈറ്റഡ് എയൽലൈൻസ് വിമാനത്തിന്റെ വിൻഡ്ഷീൽഡിലാണ് അജ്ഞാത വസ്തു ഇടിച്ചത്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. വിൻഡ്ഷീൽഡിന് കേടുപാട് സംഭവിച്ചതോടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്.
നടപടിക്രമങ്ങൾ പാലിച്ച്, വിമാനം താഴ്ന്ന ഉയരത്തിലേക്ക് എത്തിക്കുകയും യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു. കേടുപാടിന്റെ കാരണം കണ്ടെത്താൻ വിൻഡ്ഷീൽഡ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ലബോറട്ടറിയിലേക്ക് അയച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
'വിൻഡ്ഷീൽഡിന് തകരാറുണ്ടായതോടെ വ്യാഴാഴ്ച യുണൈറ്റഡ് എയർലൈൻസിന്റെ 1093 നമ്പർ വിമാനം സാൾട്ട് ലേക്ക് സിറ്റി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ലോസ് ഏഞ്ചൽസിലേക്ക് പോവാൻ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. വിമാനം കേടുപാടുകൾ പരിഹരിച്ച് വിമാനം ഉടൻ തന്നെ സർവീസിന് പാകമാക്കാൻ ശ്രമം തുടരുകയാണ്'- യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.
പക്ഷികളെയും കാലാവസ്ഥാ മാറ്റം കൊണ്ടുള്ള ആഘാതങ്ങളേയും ചെറുക്കാൻ നിരവധി പാളികൾ ഉപയോഗിച്ചാണ് വിമാന വിൻഡ്ഷീൽഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ പക്ഷികൾ ഇത്രയും ഉയരത്തിൽ പറക്കുന്നത് അപൂർവമാണെന്ന് വ്യക്തമാക്കിയ വിദഗ്ധർ, അതിനുള്ള സാധ്യത തള്ളിക്കളഞ്ഞു.
വിമാനത്തിന്റെ വിൻഡ്‌ഷീൽഡിന് കേടുപാടുകൾ സംഭവിച്ചത് ബഹിരാകാശ അവശിഷ്ടങ്ങളോ ഉൽക്കയോ മൂലമാകാമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. എന്നാൽ, ഒരു വാണിജ്യ യാത്രാ വിമാനത്തിന് ബഹിരാകാശ അവശിഷ്ടങ്ങൾ പരിക്കേൽപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അഭിപ്രായപ്പെട്ടു.
യാത്ര തുടങ്ങി ഏകദേശം 50 മിനിറ്റ് കഴിഞ്ഞപ്പോൾ എന്തോ കുഴപ്പമുണ്ടായതായി വിമാനത്തിലെ യാത്രക്കാരിയും കോളജ് വിദ്യാർഥിനിയുമായ ഹീതർ റാംസി പറയുന്നു. 'വിമാനം ഒരു വസ്തുവിൽ ഇടിച്ചു, കോക്ക്പിറ്റിലെ ഒരു ജനൽ തകർന്നു. അതിനാൽ നമുക്ക് സാൾട്ട് ലേക്ക് സിറ്റിയിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടതുണ്ട്'- എന്ന് പൈലറ്റ് സഹപ്രവർത്തകരോട് പറയുന്നത് കേട്ടതായും റാംസി വ്യക്തമാക്കി.
Adjust Story Font
16

